KeralaNEWS

അറിയാമോ,ആദ്യമായി കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് നടത്തിയത് ഒരു ക്ഷേത്രത്തിന്റെ ഗോപുരം നിര്‍മ്മിക്കാനായിരുന്നു 

ആദ്യമായി കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് നടത്തിയത് ഒരു ക്ഷേത്രത്തിന്റെ ഗോപുരം നിര്‍മ്മിക്കാനായിരുന്നു എന്നു കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ അത്ഭുതവും അമ്പരപ്പും തോന്നുന്ന കാര്യമാണ്.എന്നാൽ സത്യമാണ്.
1874ൽ ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള(അന്നത്തെ ‍ തിരുവിതാംകൂർ രാജ്യം)  ഒരു  ക്ഷേത്രത്തിന്റെ ഗോപുര നിര്‍മ്മാണത്തിനു വേണ്ടി ലോട്ടറി വില്പന നടത്തിയത്.കേരളത്തിന്റെ ചരിത്രത്തിലും തമിഴ്‌നാടിന്റെ ചരിത്രത്തിലും ഒരുപോലെ പ്രശസ്തമായ ആ ക്ഷേത്രത്തിന്റെ പേര്: ശുചീന്ദ്രം സ്ഥാനുമലയന്‍ പെരുമാള്‍ എന്നാണ്.
ദക്ഷിണേന്ത്യയില്‍ തന്നെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കന്യാകുമാരിക്ക് സമീപമുള്ള ശുചീന്ദ്രത്തെ സ്ഥാനുമലയ പെരുമാള്‍ ക്ഷേത്രം.ശൈവഭക്തര്‍ക്കും വൈഷ്ണവ ഭക്തര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം. സ്ഥാനുമലയ എന്ന വാക്കിനര്‍ഥം ത്രിമൂര്‍ത്തികള്‍ എന്നാണ്.സ്ഥാനു എന്നാല്‍ ശിവനും മാല്‍ എന്നാല്‍ വിഷ്ണുവും അയന്‍ എന്നാല്‍ ബ്രഹ്മാവ് എന്നുമാണ് അര്‍ഥം.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം ഉള്ളതായിരുന്നു ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്.പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പുതുക്കിപ്പണിയുകയാണുണ്ടായത്. വാസ്തുവിദ്യയുടെയും നിര്‍മ്മാണ കലയുടെയും ഉത്തമമായ മാതൃകയാണ് ഈ ക്ഷേത്രത്തിന്റെയും ഗോപുരത്തിന്റെയും നിര്‍മ്മാണ രീതി.
134 അടി ഉയരത്തില്‍ ചുവര്‍ചിത്രങ്ങളും ശില്പങ്ങളും കൊണ്ട് നിറഞ്ഞ ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം വെളുത്ത കല്ലുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ക്ഷേത്രഗോപുരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ രസകരമായിട്ടുള്ള പല കാര്യങ്ങളും കാണാം.അതിലൊന്നാണ് കേരള ലോട്ടറി ഉപയോഗിച്ച് ഗോപുര നിര്‍മ്മാണത്തിന് പണം കണ്ടെത്തിയ ചരിത്രം.

1874ല്‍ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പണം കണ്ടെത്താനായിട്ടാണ് അന്നത്തെ തിരുവിതാകൂറില്‍ ആദ്യ ലോട്ടറി നറുക്കെടുപ്പ് നടത്തിയത്.അതുതന്നെയാണ് ഇന്നത്തെ കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ പൂർവ്വ ചരിത്രവും.!

 
ക്ഷേത്രത്തിന്റെ ഗോപുര നിര്‍മ്മാണത്തിനായി നാല്പതിനായിരം രൂപ
സമാഹരിക്കാനാണ് നറുക്കെടുപ്പ് നടത്തിയത്. ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് നറുക്കെടുപ്പ് നടത്തുന്നത്.
പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറില്‍ വിറ്റത്. പതിനായിരം സമ്മാനവും നല്‍കിക്കഴിഞ്ഞപ്പോള്‍ 40000 രൂപ കൃത്യം ഗോപുര നിര്‍മ്മാണത്തിനായി ഉണ്ടായിരുന്നു !!
ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഏറെ അപൂർവമായ പ്രതിഷ്ഠയും ശുചീന്ദ്രം സ്ഥാനുമലയൻ ക്ഷേത്രത്തിലുണ്ട്.ആനയുടെ തലയുള്ള ദേവിയാണ് വിനായകി എന്ന പേരില്‍ ഇവിടെ ആരാധിക്കപ്പെടുന്നത്. ഗണേശന്റെ സ്ത്രീരൂപമായ വിനായകിയെ ഗജനാനി എന്നും പറയുന്നു.
എന്തായാലും ലോട്ടറി വഴി തങ്ങളെ കുടിയിരുത്തിയ നാടിനെ ദേവനും ദേവിയുമൊന്നും കൈവിട്ടില്ലെന്നു വേണം പറയാൻ.

കേരള സംസ്ഥാന ലോട്ടറി വിറ്റുവരവ് വർഷം തുക എന്ന ക്രമത്തിൽ
2016-17 – 7395കോടി
2017-18 -9035കോടി
2018-19 -9265കോടി
2019-20 -9973കോടി
2020-21 -4912കോടി(കോവിഡ് കാലം)
2021-22 – 7145കോടി

Back to top button
error: