NEWSPravasi

കുവൈത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവാസികളെ എത്തിക്കാൻ നീക്കം

കുവൈത്ത് സിറ്റി : ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവാസികളെ എത്തിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം . ഈ വര്‍ഷം തന്നെ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും രാജ്യത്ത് എത്തിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വര്‍ധിച്ചു വരുന്ന മെഡിക്കല്‍ സേവനങ്ങളിലെ ആവശ്യകതയും പരിഗണിച്ചാണ് പുതിയ നീക്കം.
ഇതിന്റെ ഭാഗമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് വിവരം.കൂടുതല്‍ വിദേശികളെ ആരോഗ്യ മേഖലയില്‍ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ അവാദി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്റെ തൊട്ടു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നും 200 പേരടങ്ങുന്ന ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു സംഘം കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയിരുന്നു. പാക്കിസ്ഥാന്‍, കുവൈത്ത് സര്‍ക്കാരുകള്‍ തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഇത്രയും പേര്‍ കുവൈത്തിലേക്ക് എത്തിയത്.
നിലവില്‍ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ 38.549 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിലധികവും മലയാളികള്‍ ആണ്. നേരത്തെ സമ്പൂര്‍ണ സ്വദേശി വത്ക്കരണം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദേശി നിയമനത്തിന് വില ക്കെര്‍പ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര യോഗ്യരായ സ്വദേശികളെ കിട്ടാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

Back to top button
error: