പത്തനംതിട്ട : കഞ്ചാവ് ശേഖരവുമായി അതിഥിതൊഴിലാളി പിടിയിൽ.പശ്ചിമ ബംഗാൾ സിലിഗുഡി സ്വദേശി ഉസ്മാന്റെ മകൻ ദുലാൽ ഹുസൈൻ (34) ആണ് 360 ഗ്രാം കഞ്ചാവുമായി പന്തളം പോലീസിന്റെ പിടിയിലായത്.
പന്തളം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് ദുലാൽ. 11 വർഷമായി പന്തളത്തു വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മേസ്തിരിപ്പണിയുടെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്.
ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിവന്നത്. താമസിക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.