KeralaNEWS

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രില്‍ 12ന് ലോകായുക്താ ഫുള്‍ബെഞ്ച് പരിഗണിക്കും; കേസിന്റെ നാൾവഴികൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രില്‍ 12ന് ലോകായുക്താ ഫുള്‍ബെഞ്ച് പരിഗണിക്കും.വിധിയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടത്.

മന്ത്രിസഭാ തീരുമാനത്തില്‍ ലോകായുക്തയ്ക്ക് ഇടപെടാനാകുമോ എന്നതിലടക്കം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു.മറ്റൊരു ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉള്‍പ്പെട്ടതാണ് ഫുള്‍ബെഞ്ച്.

 

Signature-ad

അടുത്തിടെയാണ് ലോകായുക്തയ്ക്ക്  ഹൈക്കോടതിയിൽ നിന്ന് രണ്ട് തിരിച്ചടികൾ നേരിടേണ്ടതായി വന്നത്.രണ്ടും ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹർജിയിലാണ്.കെട്ടിട നികുതി നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസില്‍ ലോകായുക്ത ഇടപെട്ട് ഉത്തരവിട്ടതിനെതിരെയാണ് സര്‍ക്കാര്‍ ഹർജി നല്‍കിയത്.ലോകായുക്തക്ക് കെട്ടിട നികുതി നിയമത്തില്‍ ഇടപെടാന്‍ അധികാരമില്ല എന്ന് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു ( item no. 13, 31/03/2023).

 

ഇതിന് ഒരാഴ്ച മുൻപാണ് ഇതേ ബെഞ്ച്  ലോകായുക്തക്ക് കച്ചവട നികുതി സംബന്ധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ അധികാരമില്ല എന്നും വിധി പ്രസ്താവിച്ചത്.അതേസമയം, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർക്കാരിന്റെ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ കേസിന്റെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

 

കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്.2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച്‌ 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്.

 

അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം.

 

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കേ സഹായം കൊടുത്തിട്ടുള്ളൂ.പാര്‍ട്ടി നോക്കിയല്ല ഇതില്‍ നിന്ന് പണം അനുവദിക്കുന്നതെന്നും കെ ടി ജലീൽ എംഎൽഎ പറഞ്ഞു.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കളത്തില്‍ അബ്ദുല്ലയ്ക്ക് 20 ലക്ഷം ചികിത്സയ്ക്ക് നല്‍കി.എം.കെ.മുനീറിന് പഠനത്തിനും പോക്കറ്റ് മണിയായും പൊതുഖജനാവില്‍ നിന്നാണ് പണം എടുത്ത് കൊടുത്തത്.ഭാവിയിലും അങ്ങനെതന്നെയാകും. അന്നൊന്നുമില്ലാത്ത ‘ചൊറിച്ചിൽ’ ‍ രാമചന്ദ്രൻ നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേര് എന്നും ജലീല്‍ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.

Back to top button
error: