ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാതയിലൂടെ പോകുകയായിരുന്ന കേരള ആർ.ടി.സി. ബസിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ടെങ്കിലും കണ്ടക്ടർ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ശനിയാഴ്ച പുലർച്ചെ 12-ഓടെ മാണ്ഡ്യയിലെ മേൽപ്പാലത്തിന് മുകളിൽ ബസ് എത്തിയപ്പോഴായിരുന്നു സംഭവം. ബസ് നിയന്ത്രണംവിട്ട് റോഡിനു നടുവിലെ ഡിവൈഡറിലേക്ക് കയറാൻ തുടങ്ങുകയും ആടിയുലയുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ കണ്ടക്ടർ ബസ് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നു. ഫ്ലൈഓവറിന്റെ വശത്തെ സുരക്ഷാ മതിലിനോടുചേർന്നാണ് ബസ് നിന്നത്.
ബെംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കേരള ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ഡ്രൈവർ ഷൈമോജിനാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റി വിട്ടു.ഷൈമോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.