കുവൈത്ത് സിറ്റി: ഭിക്ഷാടനം നടത്തിയിരുന്ന ശുചീകരണ തൊഴിലാളിയായ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ ബീഹാർ സ്വദേശി ആണെന്നാണ് വിവരം.ഇയാളെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തിൽ ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.റമദാന് മുന്നോടിയായി യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ തോതിലുള്ള പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ഇതിനോടകം 17 പ്രവാസികളെ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റ് ചെയ്‍തതായി ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. പള്ളികള്‍, കച്ചവട കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാണ്. പിടിയിലായ പ്രവാസികളില്‍ അധിക പേരും ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ്.