IndiaNEWS

ടിക്കറ്റ് വേണ്ടാത്ത ട്രെയിൻ

കുറഞ്ഞ ചിലവിലുമുള്ള യാത്രകൾക്ക് ധൈര്യമായ ആശ്രയിക്കാം എന്നതു തന്നെയാണ് ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും വലിയ പ്രത്യേകത.എന്നാൽ ഇതാ ഒരു രൂപ പോലും ചിലവില്ലാതെ, ഒരു ദിവസം പോലും മുടക്കില്ലാതെ കഴിഞ്ഞ 73 വർഷമായി സൗജന്യമായി യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു ട്രെയിൻ ഇന്ത്യയിലുണ്ട്.
 ഭക്രാ-നംഗൽ ട്രെയിൻ എന്നറിയപ്പെടുന്ന ഈ ട്രെയിൻ പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലായാണ് സർവീസ് നടത്തുന്നത്.ശിവാലിക് മലനിരകളിലൂടെ 25 ഗ്രാമങ്ങൾ ചുറ്റി പോകുന്ന ഈ സർവീസ് ഏകദേശം മുന്നൂറോളം ആളുകൾ പ്രതിദിനം പ്രയോജനപ്പെടുത്തുന്നുണ്ട്. 13 കിലോമീറ്റർ ദൂരം വരുന്ന ഈ യാത്രയെ ഉപയോഗപ്പെടുത്തുന്നതിൽ ഏറെയും ഇവിടുത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികളും തൊഴിലാളികളുമാണ്.
ട്രെയിനിനു പിന്നിലെ കഥയറിയണമെങ്കിൽ ഏഴു പതിറ്റാണ്ടോളം പിന്നോട്ട് പോകണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്രാ-നംഗൽ അണക്കെട്ടിന്റെ നിർമ്മാണ സമയത്ത് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഞ്ചാരസൗകര്യം മുൻനിർത്തിയാണ് ഈ റൂട്ട് പണിതത്.പണിക്കാർക്ക് പണിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗമായിരുന്നു ഇത്.ഭക്രയ്ക്കും നംഗലിനും ഇടയിലുള്ള തീവണ്ടിപ്പാതയുടെ നിർമാണം 1948-ലാണ് പൂർത്തിയായത്.1963-ൽ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി. പിന്നീട് സ‍ഞ്ചാരികൾക്കും ദൈനംദിന യാത്രക്കാർക്കുമായി ഈ ട്രെയിൻ സേവനം തുടരുകയായിരുന്നു.
നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 7:05 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 8:20 ന് ഭക്രയിലെത്തും. വൈകുന്നേ‌രം നംഗലിൽ നിന്ന് 3:05 ന് പുറപ്പെട്ട് 4:20 ന് ഭക്രയിൽ എത്തുന്നു.

Back to top button
error: