പത്തനംതിട്ട:6 വയസ്സുള്ളപ്പോൾ അനുഭവിക്കേണ്ടിവന്ന അതിക്രമത്തെപ്പറ്റി കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ.മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് കലക്ടർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ചത്.
‘‘രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്.അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെന്നെത്തുമ്പോൾ ഞാൻ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്’’– ദിവ്യ എസ്. അയ്യർ പറഞ്ഞു.
കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുകൊടുക്കണമെന്നും കലക്ടർ പറഞ്ഞു.പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.