കണ്ണൂർ:കോർട്ട് ഫീ അടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ പാപ്പരായി പരിഗണിക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സബ്കോടതിയിൽ പ്രോസിക്യൂട്ടർ അപേക്ഷ നൽകി.ഹർജിക്കാരന് ലോക്സഭാംഗമെന്ന നിലയിൽ ഒരു ലക്ഷം രൂപയിലധികം മാസവരുമാനമുണ്ടെന്നും തെരഞ്ഞെടുപ്പ് പത്രികയ്ക്കൊപ്പം റിട്ടേണിങ് ഓഫീസർക്ക് സമർപ്പിച്ച രേഖയിൽ ഒരു കോടിയിലധികം ആസ്തിയുണ്ടെന്ന് കാണിച്ചിട്ടുണ്ടെന്നും അതിനാൽ ഹർജി തള്ളണമെന്നുമാണ് ആവശ്യം.
കലക്ടറുടെ സത്യവാങ്മൂലവും ഇതോടൊപ്പം നൽകിയിട്ടുണ്ട്. അരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോർട്ട് ഫീ അടയ്ക്കാതിരിക്കാൻ കെ സുധാകരൻ ഉന്നയിച്ച വാദം പൊളിക്കുന്നതാണ് ഹർജി.
ഇ പി ജയരാജൻ വധശ്രമക്കേസിൽ 1997 ഒക്ടോബർ 22ന് അർധരാത്രി പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് അന്യായമായി കസ്റ്റഡിയിൽ വച്ചതായും അരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് 1998ലാണ് സുധാകരൻ തലശേരി സബ്കോടതിയിൽ ഹർജി നൽകിയത്. കോർട്ട് ഫീയായി 3,43,300 രൂപ നിയമാനുസൃതം അടയ്ക്കണമായിരുന്നു. ഇത് ഒഴിവാക്കാനാണ് പാപ്പരായി പരിഗണിക്കണമെന്നുകാണിച്ച് അപേക്ഷ നൽകിയത്.