KeralaNEWS

കേരളത്തിൽ വ്യാവസായിക ചലനങ്ങൾ സൃഷ്ടിക്കാൻ കുമരകം ജി-20 ഉച്ചകോടി

കോട്ടയം:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തപ്പോൾ കേരളത്തിലെന്തിനാണ് ബിസിനസ് ജെറ്റ് ടെർമിനൽ എന്ന ചോദ്യമായിരുന്നു ചിലർക്ക് ചോദിക്കാനുണ്ടായിരുന്നത്. 45 ദിവസം കൊണ്ട് 100 ബിസിനസ് ജെറ്റുകൾ പറന്നിറങ്ങിയാണ് കേരളം ഇതിന് മറുപടി നൽകിയത്. ഇപ്പോഴിതാ ജി-20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനം കേരളത്തിൽ നടക്കാൻ പോകുകയാണ്. ഇന്ത്യക്ക് പുറമെ ചൈന, യുഎസ്എ, റഷ്യ, ജപ്പാൻ യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള 400 പ്രതിനിധികൾ 4 ദിവസത്തെ സമ്മേളനത്തിനായി കുമരകത്തെത്തുമ്പോൾ കേരളത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.
മാറിയ വ്യവസായ സൗഹൃദ അന്തരീക്ഷവും പുതുതായി കടന്നുവന്ന നിക്ഷേപങ്ങളും കാരവാൻ പോലുള്ള ലോകോത്തര ടൂറിസം മാതൃകകളും ഇവിടെ ചർച്ചയാകും. വളർന്നുവരുന്ന മീറ്റിങ്ങ്സ് ഇൻ്റസ്ട്രി മേഖലയിൽ കേരളത്തിൻ്റെ സ്ഥാനമുറപ്പിക്കാൻ സഹായിക്കുന്നതായിരിക്കും ഈ സമ്മേളനം. അന്താരാഷ്ട്ര കൺവെൻഷൻ സെൻ്റർ പോലെ പുതുതായി ഉയർന്നുവരുന്ന മാതൃകകൾക്കൊപ്പം ഫെയറുകളും എക്സ്പൊകളും സംഘടിപ്പിച്ചുകൊണ്ട് ലോകത്തെ കേരളത്തിലേക്ക് ആകർഷിക്കാൻ നമുക്ക് സാധിക്കും. പ്ലാൻ്റേഷൻ എക്സ്പൊ, മെഷിനറി എക്സ്പൊ, അഗ്രോ ഫുഡ് പ്രൊ തുടങ്ങിയ വ്യവസായ എക്സ്പോകൾക്ക് ഈ ജി-20 ഉദ്യോഗസ്ഥ സമ്മേളനം പുത്തനുണർവ്വ് നൽകും.
ജി-20 ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകത്ത് നിർമ്മിക്കുന്ന ശീതീകരിച്ച കൺവെൻഷൻ സെൻ്ററിനും ഏറെ പ്രത്യേകതകളുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഒപ്പറേറ്റീവ് സൊസൈറ്റി നിർമ്മിക്കുന്ന കൺവെൻഷൻ സെൻ്റർ മുള ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 600 പേർക്ക് ഇരിക്കാവുന്ന 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ മുള കൊണ്ടുള്ള മനോഹര മാതൃകയായി കൺവൻഷൻ സെന്റർ മാറും. കേരളത്തിലെ ആദ്യത്തെ ബാംബൂ ബസാർ ആരംഭിച്ച കുമരകത്ത് തന്നെ ഉയരുന്ന ഈ കൺവെൻഷൻ സെൻ്റർ മുള വ്യവസായത്തിനും പുത്തനൂർജ്ജം നൽകുന്നതാകും. കേരളത്തിൻ്റെ സ്വന്തം കയർ ഭൂവസ്ത്രം ലോകത്തിന് പരിചയപ്പെടുത്തുന്നതിനും ഈ സമ്മേളനം സഹായകമാകും. കുമരകത്ത് തോടുകൾക്കും കനാലുകൾക്കും ഉപയോഗിച്ചിട്ടുള്ള കയർ ഭൂവസ്ത്രം പരിസ്ഥിതി സൗഹൃദവും ഈടുനിൽക്കുന്നതുമാണെന്നതിനാൽ കയർ മേഖലയിലും വ്യാവസായിക ചലനങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പാണ്.

Back to top button
error: