ഗുരുവായൂർ: മികച്ച ഡോക്യുമെൻ്ററി-ഹ്രസ്വചിത്രത്തി നുള്ള ഓസ്കർ പുരസ്കാരം നേടിയ എലിഫൻ്റ് വിസ്പറേഴ്സിലെ ‘ താര ദമ്പതിമാർ ‘ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്നി ബെള്ളിയുമാണ് ശ്രീ ഗുരുവായുരപ്പ ദർശന സായൂജ്യം തേടിയെത്തിയത്.
ബൊമ്മൻ – ബെള്ളി ദമ്പതിമാരും അവർ മക്കളെ പോലെ വളർത്തിയ രണ്ട് കുട്ടിയാനകളുടെയും രക്തബന്ധത്തേക്കാൾ ഈടുറ്റ സ്നേഹവായ്പ്പിൻ്റെ ജീവിതകഥ പറയുന്ന ഹ്രസ്വചിത്രമാണ് എലിഫൻ്റ് വിസ് പറേഴ്സ്. ഗുരുവായൂരപ്പന്റെ ഭക്തരായ ഇരുവരും എല്ലാ വർഷവും ഗുരുവായൂർ എത്താറുണ്ട്.
കൊച്ചുമകൻ സഞ്ചുകുമാറിനോടൊപ്പം ഇന്നലെ വൈകുന്നേരം നാലരയോടെ ദേവസ്വം ഓഫീസിലെത്തിയ ബൊമ്മൻ – ബെള്ളി ദമ്പതിമാർക്ക് ദേവസ്വം അധികൃതർ സ്വീകരണം നൽകി. തമിഴ്നാട് വനം വകുപ്പിനു കീഴിലെ മുതുമല തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ഇരുവരും.