FeatureNEWS

അവിശ്വസനീയമായ ഒരു രക്ഷപെടുത്തലിന്റെ തീവണ്ടിക്കഥ

കുറ്റാക്കൂരിരുട്ടത്ത് റയിൽ പാളത്തിനരികെ എവിടെയോ  ചോരവാർന്ന് മരണം കാത്തു കിടക്കുകയായിരുന്ന ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ വേഗംകുറച്ചത് മണിക്കൂറിൽ എൺപതു കിലോമീറ്ററിൽനിന്ന് ഇരുപതിലേക്ക്.ഒടുവിൽ
എൻജിൻ കാബിനിലെ ടോർച്ച് വെളിച്ചം പാതയോരത്തു നിന്ന് കണ്ടെത്തിയ ആ ജീവനുമായി  പറന്നത് ഇരുപതിൽ നിന്ന് നൂറുകിലോമീറ്റർ
വേഗതയിൽ..
 
 അവിശ്വസനീയമെന്ന് കരുതാവുന്ന ഒരു രക്ഷപെടുത്തലിന്റെ തീവണ്ടിക്കഥ ഇവിടെ തുടങ്ങുകയാണ്…

 കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിലെ ലോക്കോ പൈലറ്റുമാരായ കെ.ടി. ടോമിക്കും മുഹമ്മദ് ആസിനും നെഞ്ചിടിപ്പിന്റെ നിമിഷങ്ങളായിരുന്നു അത്. 100 കിലോമീറ്റർ വേഗത്തിലോടിയ മറ്റൊരു തീവണ്ടിയിൽനിന്ന് തെറിച്ചുവീണ പത്തൊമ്പതുകാരന്റെ രക്ഷകരായത് അവരായിരുന്നു.ഒപ്പം ഒരുപറ്റം സുമനസ്സുകളും.

 

Signature-ad

തിരുനെൽവേലി-ദാദർ സൂപ്പർഫാസ്റ്റിൽനിന്ന് രണ്ടു വർഷം മുൻപൊരു രാത്രിയിൽ തെറിച്ചുവീണ കണ്ണൂർ പട്ടാനുർ കോവൂരിലെ അനുരാഗ് (19) എന്ന വിദ്യാർത്ഥി ഇപ്പോഴും അത് നടുക്കത്തോടെയാണ് ഓർക്കുന്നത്. നാവികസേനയിയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ഒരു പരീക്ഷയെഴുതി മടങ്ങി വരികയായിരുന്ന അനുരാഗ് നാദാപുരത്തിനും മാഹിക്കും ഇടയിൽവച്ചാണ് ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീഴുന്നത്.

 

  രക്ഷയുടെ തീവണ്ടി ഓടിത്തുടങ്ങുന്നത് ഇവിടെനിന്ന്:

 തീവണ്ടിയിൽനിന്ന് അനുരാഗ് പുറത്തേക്ക് തെറിച്ചു വീണത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉടനറിയിച്ചത് വണ്ടിയിലുണ്ടായിരുന്ന സംഗീത് എന്നൊരു യുവാവാണ്.അവിടെ തുടങ്ങുകയായി പതിവ് വൈകിയോട്ടങ്ങൾക്ക് ഏറെ പഴികേട്ട റയിൽവേയുടെ മറ്റൊരു മുഖം.

 

കണ്ണൂർ സ്റ്റേഷൻമാസ്റ്റർ കെ. മനോജ്കുമാറിൽ നിന്ന്  മെസേജുകൾ തുടരെത്തുടരെ പറന്നു.അനുരാഗ് അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞതുമുതൽ ട്രെയിൻ ടൈം എന്ന വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കൂടെക്കൂടി.മറ്റു റെയിൽവേ ഗ്രൂപ്പുകളിലും പോലീസിലും താമസിയാതെ ആ സന്ദേശമെത്തി.രാത്രി എട്ടരയോടെ അനുരാഗിനായുള്ള തിരച്ചിൽ ആരംഭിച്ചു.

 

ഇതിനിടെയാണ് റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ സജിത്കുമാറിന്റെ ഒരു ഒന്നൊന്നര ഇടപെടൽ ഉണ്ടായത്. ദാദർ വണ്ടിക്കു പിന്നാലെ വന്ന കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ വേഗംകുറച്ച്, അതിലെ ലോക്കോ പൈലറ്റുമാർ പാതയോരങ്ങളിൽ എല്ലാം വളരെ ശ്രദ്ധയോടെ വീക്ഷിച്ച് പതിയെ വരട്ടേയെന്ന് അദ്ദേഹം നിർദേശിച്ചു.അടുത്തനിമിഷം വടകര സ്റ്റേഷൻ മാസ്റ്റർവഴി നിർദേശം ലഭിച്ച കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിന്റെ ലോക്കോ പൈലറ്റുമാർ പെട്ടെന്ന് വണ്ടിയുടെ വേഗത കുറയ്ക്കുകയും ഇരുവശത്തും ടോർച്ചടിച്ചു നോക്കികൊണ്ട് പതിയെ വണ്ടിയെ മുന്നോട്ടു നയിക്കുകയും ചെയ്തു.ഇങ്ങനെ വണ്ടിയുടെ വേഗത കുറച്ച് പരിസരങ്ങളിലെല്ലാം വളരെ ശ്രദ്ധയോടെ വീക്ഷിച്ച്  മുന്നോട്ടു വരുന്നതിനിടയിൽ ഏകദേശം ഒൻപതുമണിയോടെ അനുരാഗിനെ അവർ കണ്ടെത്തുകയും ചെയ്തു. രക്തത്തിൽ കുളിച്ച് അനക്കമില്ലാതെ റെയിൽപ്പാതയോരത്തെ കാടിനുള്ളിൽ കിടന്നിരുന്ന ആ യുവാവിനെ അവർ  പെട്ടെന്നു തന്നെ കോരിയെടുത്ത് വണ്ടിക്കുള്ളിലേക്ക് മാറ്റി.

 

പിന്നീട് കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ സൂപ്പർ ഫാസ്റ്റ് ആകുന്ന കാഴ്ചയായിരുന്നു കണ്ടത്.പാളങ്ങളെ വിറപ്പിച്ചു കൊണ്ട് ആ തീവണ്ടി അതിവേഗം മുന്നോട്ടു കുതിച്ചു. ട്രാഫിക് വിഭാഗം സർവ്വപിന്തുണയുമായി ആ ലോക്കോപൈലറ്റുമാർക്ക് പിന്നിൽ ഉറച്ചു നിന്നതോടെ അനുരാഗുമായി  വണ്ടി അതിവേഗം മാഹി സ്റ്റേഷനിൽ എത്തിച്ചേർന്നു .അവിടെ  സ്റ്റേഷൻ മാസ്റ്റർ രാജീവനും ട്രെയിൻ ടൈം വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻ ഫൈസൽ ചെള്ളത്തും ആംബുലൻസുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.കണ്ണൂർ ഡിവൈ.എസ്.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസും അവർക്കൊപ്പം കൂടി.ആംബുലൻസിന് വഴികാട്ടിയായി അവർ അതിവേഗം മുന്നിൽ നീങ്ങി. മാഹി ആശുപത്രിയിലെ പ്രഥമശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രി പത്തരയോടെ അനുരാഗിനെ അവർ എത്തിച്ചു.

 

 

പതിവ് വൈകിയോട്ടങ്ങൾക്ക് ഏറെ പഴികേട്ട റെയിൽവേയുടെ അത്ര പതിവല്ലാത്ത ഒരു  രക്ഷപെടുത്തലിന്റെ കഥയായിരുന്നു ആ ദിവസങ്ങളിൽ കോഴിക്കോട്ട് നിന്നും കേട്ടത്.

 

Back to top button
error: