കാസർകോട്: ഒളിംപിക് അസോസിയേഷൻ പ്രസിഡണ്ടും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകൾ പരിഗണിച്ച് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.കേരള കേന്ദ്ര സർവകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്.
ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ, തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ്, 1985ലെ ജക്കാർത്ത ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 5 സ്വർണമടക്കം 6 മെഡലുകൾ തുടങ്ങി രാജ്യത്തിന്റെ അഭിമാനമുയർത്തിയ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച താരമാണ് പി.ടി. ഉഷ. 20 വർഷം പിന്നിടുന്ന കിനാലൂരിലെ
ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിത്തന്നത്. ദേശീയ മത്സരങ്ങളിൽനിന്ന് അറുനൂറിലധികം മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്.
കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് പി.ടി. ഉഷയുടേതെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു പറഞ്ഞു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സർവകലാശാലയുടെ കർത്തവ്യമാണ്. വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുന്നതാണ് പി.ടി. ഉഷയുടെ ജീവിതവും നേട്ടങ്ങളും. സർവകലാശാലയിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ വെച്ച് ഡോക്ടറേറ്റ് സമ്മാനിക്കും.