KeralaNEWS

ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവിയെന്ന് ഇ ശ്രീധരന്‍

പാലക്കാട്: ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവിയെന്ന് മെട്രോമാൻ ഇ ശ്രീധരന്‍.അധികം സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം.സെമി സ്പീഡ് ട്രെയിന്‍ തുടങ്ങിയാലും പിന്നീട് അത് ബുള്ളറ്റ് ട്രെയിനായി മാറ്റാവുന്നതേയുള്ളെന്നും  ശ്രീധരന്‍ കൂട്ടിച്ചേർത്തു.ഇന്നലെയായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
ഇ ശ്രീധരന്റെ വാക്കുകൾ

”തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവി.അധികം സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം.ഭാവിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ആവശ്യമാണ്. സെമി സ്പീഡ് ട്രെയിന്‍ തുടങ്ങിയാലും പിന്നീട് അത് ബുള്ളറ്റ് ട്രെയിനായി മാറ്റാനുള്ള സംവിധാനമുണ്ടാകും.
ചെറുദൂരയാത്രയ്ക്ക് മെമു ഇലക്ട്രിക് ട്രെയിനുകളാണ് ഉചിതം.പക്ഷെ വണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ലൈന്‍ ശേഷി ഇല്ല.ഓട്ടോമാറ്റിക് സിഗ്നലിംഗ് വിത്ത് ഹൈസേഫ്റ്റി സ്റ്റാന്‍ഡേഡാണ് പരിഹാരം.വലിയ ചെലവില്ലാതെ ഇത് ചെയ്യാം.”
അതേസമയം സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കെ – റെയിലിനെതിരെ ( K-Rail) ആവർത്തിച്ച് രംഗത്തെത്തിയ ആളാണ് ഇ.ശ്രീധരൻ. കേരളത്തിൽ കെ- റെയിൽ പ്രായോഗികമല്ലെന്നും പദ്ധതി സർക്കാരിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നുമായിരുന്നു ശ്രീധരൻ മുൻപ് പറഞ്ഞിരുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര നാല് മണിക്കൂറായി ചുരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കൊണ്ടുവന്ന സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയായിരുന്നു കെ റെയിൽ.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ ട്രെയിനുകൾ 12 മണിക്കൂറോളം എടുക്കുന്ന നേരത്താണിത്.എന്നാൽ വൻ എതിർപ്പിനെ തുടർന്ന് സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Back to top button
error: