കോട്ടയം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പുരസ്കാരം നേടിയ നൻപകൽ നേരത്ത് മയക്കം ഇന്ന് വൈകിട്ട് മൂന്നിന് അനശ്വര തിയറ്ററിൽ പ്രദർശിപ്പിക്കും. അസാധ്യവും നടക്കാൻ സാധ്യതയില്ലാത്തതുമായ ഒരു മാനസികാവസ്ഥയാണ് വ്യത്യസ്തമായ തിരക്കഥയിലൂടെ നൽപകൽ നേരത്തെ മയക്കം മുന്നോട്ട് വയ്ക്കുന്നത്. ഒരു ഉച്ചമയക്കത്തിൽ കണ്ട സ്വപ്നം യാഥാർത്ഥ്യമായതുപോലെ മൂവാറ്റുപുഴക്കാരൻ ജെയിംസ് തമിഴ് നാട്ടുകാരനായ സുന്ദരമായി മാറുന്നു. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ചലനത്തിലും ഈ വേഷ പകർച്ച പ്രകടമാകുന്നു.
മൂവാറ്റുപുഴയിൽ നിന്ന് വേളാങ്കണിയിലേക്ക് പോയ ബസ് വിജനമായ സ്ഥലത്ത് നിർത്തുമ്പോൾ കാണാതാകപ്പെടുന്ന ജെയിംസും പിന്നീട് ജെയിംസിന്റെ സുന്ദരത്തിലേക്കുള്ള പരകായപ്രവേശനവുമാണ് കഥയുടെ ഇതിവൃത്തം.ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷ് തിരക്കഥയെഴുതിയ ചിത്രത്തിൽ മമ്മൂട്ടി, രമ്യ സുവി,രമ്യ പാണ്ഡ്യൻ തുടങ്ങിയവർ പ്രധാന താരങ്ങളായെത്തുന്നു.
വർഗകലയുടെ കരുത്തും സൗന്ദര്യവുമായി വർക്കിംഗ് ക്ലാസ് ഹീറോസ് ഇന്ന്
കോട്ടയം: നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം പശ്ചാത്തലമാക്കിയ സെർബിയൻ സിനിമ വർക്കിംഗ് ക്ലാസ് ഹീറോസ് തിങ്കളാഴ്ച രാവിലെ 9.15 അനശ്വരയിൽ പ്രദർശിപ്പിക്കും. കോർപറേറ്റ് വികസന തീവ്രവാദം അടിസ്ഥാന വർഗത്തെ വീണ്ടും ചൂഷണം ചെയ്യുന്നത് എങ്ങനെയെന്നാണ് സെർബിയൻ ചലച്ചിത്രകാരനായ മിലോസ് പൂസിച് തന്റെ പുതിയ ചിത്രത്തിലൂടെ തുറന്നു കാട്ടുന്നത്.
ചെറിയ വരുമാനക്കാർ തീരെ കുറഞ്ഞ വാടകയിൽ താമസിക്കുന്ന കെട്ടിടം വികസനം നടപ്പാക്കാനെന്ന പേരില്‍ ഒഴിപ്പിച്ചെടുക്കുന്ന മുതലാളിത്ത വർഗത്തിൻ്റെയും അവര്‍ വിലക്കെടുക്കുന്ന ‘വര്‍ക്കിംഗ് ക്ലാസ് ഹീറോ’കളുടെയും നേർക്കാഴ്ചയാണ് ചിത്രം. ലോകസിനിമകൾക്കിടയിൽ സെർബിയൻ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഫെസ്റ്റിവലുകളിൽ പ്രകടമാണ്. കൺട്രി ഫോക്കസ് വിഭാഗത്തിൽ വർക്കിംഗ് ക്ലാസ് ഹീറോസ് കൂടാതെ ദ ബിഹേഡിംഗ് ഓഫ് സെയിൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് എന്ന സെർബിയൻ ചലച്ചിത്രം ഇന്നലെ പ്രദർശിപ്പിച്ചു.