കോട്ടയം: എഴുപതുകളിലെ സിനിമ പ്രചാരണത്തിന്റെ ഗൃഹാതുര സ്മരണകളുണർത്തി അക്ഷര നഗരിയിൽ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ വിളംബര ജാഥ. വിളംബരജാഥ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് വൈകിട്ട് അഞ്ചിന് തോമസ് ചാഴികാടൻ എം.പി. ഫ്ലാഗ് ഓഫ് ചെയ്തു. മേളയിലൂടെ കോട്ടയം നഗരത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ സാമൂഹിക ബോധം വളർത്തിയെടുക്കുന്നതിന് ചലച്ചിത്ര മേളകൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പഴയകാല സിനിമ പ്രചാരണത്തിന്റെ സ്മരണ ഉണർത്തുന്ന രീതിയിൽ അന്ന് ഉപയോഗിച്ചിരുന്ന പിടിവണ്ടിയിൽ ചിത്രങ്ങളുടെ പോസ്റ്ററുകൾ പതിച്ചിരുന്നു. പിടിവണ്ടിയിൽ നിന്നും റോഡിലുടനീളം നോട്ടീസ് വിതരണം ചെയ്തു. വൈവിധ്യത്താൽ വിളംബര ജാഥ ജനങ്ങളിൽ കൗതുകമുണർത്തി. പരുന്താട്ടം, ശിങ്കാരിമേളം എന്നിവ ജാഥയ്ക്ക് മിഴിവേകി.
ഇന്ന് മുതൽ 28 വരെ കോട്ടയത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന് മുന്നോടിയായാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. കോട്ടയത്തെ മുന്‍കാല സിനിമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്ന പ്ലക്കാര്‍ഡുകളേന്തിയാണ് ചലച്ചിത്ര ആരാധകര്‍ ജാഥയിൽ പങ്കെടുത്തത്. ജില്ലാ സ്പോർട്സ് കൗൺസിലും പങ്കാളികളായി. വിളംബര ജാഥ നഗരംചുറ്റി തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ സമാപിച്ചു. രാജേഷ് വെള്ളുത്തുരുത്തിയുടെ നേതൃത്വത്തിൽ നാടൻ പാട്ട് സന്ധ്യ അരങ്ങേറി.
സംവിധായകനും ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ ജയരാജ്, കൺവീനർ പ്രദീപ് നായർ, സംവിധായകൻ ജോഷി മാത്യു, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, ഫെസ്റ്റിവൽ സംഘാടക സമിതി കോ-ഓർഡിനേറ്റർ സജി കോട്ടയം, ചലച്ചിത്ര പ്രവർത്തകരായ വിനോദ് ഇല്ലം പള്ളി, നിഖിൽ എസ്. പ്രവീൺ, ചലച്ചിത്ര അക്കാദമി റീജണൽ കോ – ഓർഡിനേറ്റർ ഷാജി അമ്പാട്ട്, നന്ത്യോട് ബഷീർ, വി.ജയകുമാർ, പി.കെ ആനന്ദക്കുട്ടൻ, രാഹുൽ രാജ്, തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.