കോട്ടയം: സിനിമ കാലത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം സാമൂഹിക മാറ്റത്തിന് പ്രേരണാഘടകമായി മാറുന്നുണ്ടെന്ന് നടൻ കോട്ടയം രമേശ് പറഞ്ഞു. ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘാടക സമിതി കോളജുകളിൽ സംഘടിപ്പിച്ച വിദ്യാർഥികളുമായുള്ള ചലച്ചിത്ര സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടകത്തിലും സിനിമയിലുമുള്ള അഭിനയത്തിന്റെ വ്യത്യാസമെന്തെന്ന ചോദ്യത്തിന് രണ്ടിലും ജീവിക്കാനും പാടില്ല അഭിനയിക്കാനും പാടില്ല പെരുമാറിയാൽ മതിയെന്നായിരുന്നു കോട്ടയം രമേശിന്റെ മറുപടി. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജ്, ബസേലിയസ്, ബി.സി.എം. കോളജുകളിലാണ്് ചലച്ചിത്രപ്രവർത്തകരുടെ സംഘത്തിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ചലച്ചിത്ര നടൻ കോട്ടയം രമേശ്, സംവിധായകരായ പ്രദീപ് നായർ, രാജേഷ് കണ്ണങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളി, നിഖിൽ എസ്. പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ചലച്ചിത്ര പ്രവർത്തകരായ ജയദേവൻ, രാജേഷ്, പി.കെ. ആനന്ദക്കുട്ടൻ, രാഹുൽരാജ്, അമിത് പി. മാത്യൂ എന്നിവരടങ്ങിയ സംഘം വിദ്യാർഥികളുമായി സംവദിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
നാട്ടകം ഗവൺമെന്റ് കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ് അധ്യക്ഷത വഹിച്ചു. അധ്യാപകനായ ഷാന്റി എം. ജേക്കബ് പ്രസംഗിച്ചു. ബസേലിയസ് കോളജിൽ നടന്ന ചടങ്ങിൽ സംവിധായകൻ പ്രദീപ് നായർ അധ്യക്ഷത വഹിച്ചു. മലയാളം വകുപ്പ് തലവൻ ഡോ. തോമസ് കുരുവിള, ഡോ. ശരത് പി. നാഥ്, ഡോ. എം.എൻ. നിബുലാൽ എന്നിവർ സംസാരിച്ചു. ബി.സി.എം. കോളജിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപികയായ ഡോ. നവീന ജെ. നരിതൂക്കിൽ, ഫാ. ബൈജു മാത്യു, ജിസ്മോൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ്. കോളജ് തീയറ്ററിലുമായി അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 39 സിനിമകൾ പ്രദർശിപ്പിക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.