KeralaNEWS

അനധികൃത സ്വത്ത് സമ്പാദന ആരോപണം: “തളർത്താനാവില്ല ഈ യഥാർഥ സഖാവിനെ”, ഇ.പി. ജയരാജനെ പരിഹസിച്ച് വി.ടി. ബൽറാം

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ‘തളര്‍ത്താനാവില്ല ഈ യഥാര്‍ഥ സഖാവിനെ’ എന്ന കുറിപ്പോടെ ഇപി ജയരാജന്റെ ചിത്രവും പങ്കുവെച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം.

Signature-ad

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജനാണ് ഇ.പിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്നും പി. ജയരാജന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇപിക്കെതിരായി ആരോപണം ഉയര്‍ന്നത് വ്യാജവാര്‍ത്തായാണോയെന്ന ചോദ്യത്തിന് പാര്‍ട്ടിക്കകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് പി ജയരാജന്‍ നല്‍കിയത്. തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: