IndiaNEWS

ചാണകം ഒരു ചാണകം അല്ല, ഇനി പണം കായിക്കുന്ന മരം; ചാണകത്തിൽ നിന്ന് പെയിന്റ്, വൈദ്യുതി… ഛത്തീസ്ഗഢിൽ ഉത്പാദനം തുടങ്ങി

റായ്പുർ: ചാണകത്തിൽ നിന്നുത്പാദിപ്പിക്കുന്ന പെയിന്റ് ഉപയോഗിച്ച് സംസ്ഥാനത്തെ സർക്കാർ കെട്ടിടങ്ങൾ മോടിപിടിപ്പിക്കാൻ തുടക്കമിട്ട് ഛത്തീസ്ഗഢ്. പരിസ്ഥിതി സൗഹാർദപരമായ ആശയം സംസ്ഥാനവ്യാപകമായി നടപ്പാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ചാണകത്തിൽ നിന്നുള്ള പെയിന്റ് നിർമാണത്തിനായി റായ്പുരിലും കാങ്കെറിലും ഗൗഠാനുകൾ സ്ഥാപിച്ചിട്ടുണ്ട്. 2023 ജനുവരി അവസാനത്തോടെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ബാക്ടീരിയയേയും ഫംഗസിനേയും ചെറുക്കാൻ ചാണകത്തിൽ നിന്ന് നിർമിക്കുന്ന പെയിന്റ് പ്രാപ്തമാണെന്നും ഔദ്യോഗികവക്താവ് വ്യക്തമാക്കി. പ്രകൃതിദത്ത പെയിന്റ് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം മാത്രമല്ല ഗൗഠാനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇതിലൂടെ സാമ്പത്തിക ഭദ്രത കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരാജി ഗാവോം യോജനയ്ക്ക് തുടക്കമിട്ട് നടപ്പാക്കിയ ഗോധൻ ന്യായ് യോജന രണ്ട് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 8,000 ഗൗഠാനുകളാണ് സ്ഥാപിച്ചത്. കർഷകരിൽ നിന്ന് കിലോയ്ക്ക് രണ്ടുരൂപ നിരക്കിൽ ചാണകവും ലിറ്ററിന് നാലുരൂപ നിരക്കിൽ ഗോമൂത്രവും ഗൗഠാനുകളിലൂടെ ശേഖരിക്കുന്നു. ചാണകത്തിൽ നിന്ന് പെയിന്റ് നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനുമായും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി ഭാഭ അറ്റോമിക് റിസർച്ച് സെന്ററുമായും സംസ്ഥാന സർക്കാർ ഇക്കൊല്ലം ആദ്യം കരാറിലേർപ്പെട്ടിരുന്നു.

Signature-ad

എല്ലാ ജില്ലകളിലുമായി 73 പുതിയ യൂണിറ്റുകൾ ജനുവരിയോടെ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബെമെതാര, ദുർഗ്, റായ്പുർ ജില്ലകളിലെ യൂണിറ്റുകളിൽ ചാണകത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ആരംഭിച്ചതായി ഗോധൻ ന്യായ് യോജനജോയിന്റ് ഡയറക്ടർ ആർ.എൽ. ഖാരെ പറഞ്ഞു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ നിർദേശമനുസരിച്ച് പെയിന്റ് നിർമാണയൂണിറ്റുകളുടെ നിർമാണം ത്വരിതപ്പെടുത്താനും എല്ലാ സർക്കാർ കെട്ടിടങ്ങളിലും കെമിക്കൽ പെയിന്റുകൾക്ക് പകരം പ്രകൃതിദത്ത പെയിന്റ് ഉപയോഗിക്കാനും ജില്ലാകളക്ടർമാർക്ക് കൃഷി വകുപ്പ് ഉത്തരവയച്ചു.

കാർബോക്‌സി മീഥെയ്ൽ ആണ് ചാണകത്തിൽ നിന്ന് നിർമിക്കുന്ന പെയിന്റിന്റെ പ്രധാന ഘടകം. 100 കിലോഗ്രാം ചാണകത്തിൽ നിന്ന് 100 കിലോഗ്രാം കാർബോക്‌സി മീഥെയ്ൽ നിർമിക്കാം. പെയിന്റിന്റെ 30 ശതമാനം കാർബോക്‌സി മീഥെയ്ൽ ആണ്. ലിറ്ററിന് 120 രൂപ, 225 രൂപ എന്നിങ്ങനെയാണ് ചാണകത്തിൽ നിന്ന് നിർമിക്കുന്ന രണ്ട് തരത്തിലുള്ള പെയിന്റിന്റെ വില. എമൽഷൻ, ഡിസ്റ്റംപർ എന്നിവയിൽ നിന്ന് 130രൂപ മുതൽ 139 രൂപ വരെ, 55 രൂപ മുതൽ 64 രൂപ വരെ യഥാക്രമം ലാഭം ലഭിക്കുമെന്നും ആർ.എൽ. ഖാരെ പറഞ്ഞു. ഛത്തീസ്ഗഢ് സർക്കാരിന്റെ നൂതനസംരംഭം അഭിനന്ദനമർഹിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു.

Back to top button
error: