IndiaNEWS

കോവിഡ്: 27-ന് രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം നൽകി

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശം. ഡിസംബർ 27 ന് രാജ്യ വ്യാപകമായി മോക്ക് ഡ്രിൽ നടപ്പാക്കും. വൈകീട്ടോടെ ഫലം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് വിവരം പങ്കുവെച്ചത്.

കൊവിഡ് കേസുകൾ വർധിച്ചാൽ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യകേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് മോക്ക് ഡ്രിൽ നടപ്പാക്കുന്നത്. ഇതിലൂടെ ജില്ല തിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ്, ജീവനക്കാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കണം മോക്ക് ഡ്രിൽ നടത്തേണ്ടതെന്ന് കേന്ദ്രം നിർദേശിച്ചു.

Signature-ad

ഈ സംവിധാനത്തിലൂടെ ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷൻ വാർഡുകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കും. കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ്, മെഡിക്കൽ ഓക്‌സിജൻ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുമാണ് മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കൊവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ഡോക്ടർമാരേയും നഴ്‌സുമാരേയും മറ്റ് ആരോഗ്യ ജീവനക്കാരേയും ഉറപ്പുവരുത്തണം.

Back to top button
error: