‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എന്നെ നിയമിച്ചിട്ടില്ല; അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല; ഒരു പദവിയും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നയാളല്ല ഞാൻ‘- ഫേസ്ബുക്ക് പോസ്റ്റുമായി ശബരീനാഥൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി തന്നെ നിയമിച്ചെന്ന തരത്തിൽ പ്രചാരിക്കപ്പെടുന്നത് വ്യാജവാർത്തകളാണെന്ന വിശദീകരണവുമായി കെ എസ് ശബരീനാഥൻ. അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല, എന്തെങ്കിലും പദവിയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ആളല്ല താനെന്നും എല്ലാം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം എഫ് ബി പോസ്റ്റിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ മാത്രം ഉത്ഭവിച്ച വാർത്തയായത്കൊണ്ടു ഫേസ്ബുക്കിലൂടെ വിശദീകരണ പോസ്റ്റ് ഇടണമെന്ന് ഇതുവരെ തോന്നിയില്ല. പക്ഷേ നിർഭാഗ്യവശാൽ “The Hindu” പോലെയുള്ള ഒരു ദേശീയമാധ്യമം ഈ വാർത്ത റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഈ പ്രചരണം വിശ്വസിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ചുള്ള ഒരു വാർത്ത പടർന്നു പിടിക്കുകയാണ്. ഇത് കണ്ടും കേട്ടും ആയിരകണക്കിന് സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് എന്നെ ഫോൺ വിളിക്കുന്നത്. ഇവരോടെല്ലാം വാർത്തകൾ എല്ലാം മിഥ്യയാണെന്നും ഇത്തരത്തിലുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്നും ഞാൻ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രം ഉത്ഭവിച്ച വാർത്തയായത്കൊണ്ടു ഫേസ്ബുക്കിലൂടെ വിശദീകരണ പോസ്റ്റ് ഇടണമെന്ന് ഇതുവരെ തോന്നിയതുമില്ല. പക്ഷേ നിർഭാഗ്യവശാൽ “The Hindu” പോലെയുള്ള ഒരു ദേശീയമാധ്യമം ഈ വാർത്ത പ്രിന്റിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഈ പ്രചരണം വിശ്വസിച്ചിരിക്കുകയാണ്. അതിനാലാണ് ഇവിടെ ഇനി എഴുതുന്നത്. ഒരു പദവിയും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നയാളല്ല ഞാൻ എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നന്നായി കൊണ്ടുപോകുന്നുണ്ട്. ബാക്കി കാര്യങ്ങൾ പാർട്ടി തീരുമാനിക്കും – ശബരീനാഥ് കുറിച്ചു.






