Breaking NewsKeralaLead NewsNEWSPravasi

ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് അഞ്ചുവയസുകാരിയായ ഏകമകളെ 15-ാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം!! മരിക്കുന്നതിന് തലേദിവസം കുടുംബവഴക്ക് നടന്നു പോലീസ് ഫ്ലാറ്റിലെത്തിയതായി അയൽവീട്ടുകാർ, ഭർത്താവ് കസ്റ്റഡിയിൽ

ഷാർജ: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് വീണ് മലയാളി യുവതിയും അഞ്ചു വയസുള്ള മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിനു തലേദിവസം ഫ്ലാറ്റിൽ കുടുംബവഴക്ക് നടന്നിരുന്നു, പിന്നാലെ പോലീസും ഇവിടെ എത്തിയിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പോലീസ് കസ്റ്റഡിയിലാണ്. കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും ഏകമകൾ റുഹിയുമാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഏഴേക്കാലോടെയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ദുരന്തമുണ്ടായത്. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് റോഡിലും സമീപത്തെ നടപ്പാതയിലുമായി ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടതെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ഉടൻ തന്നെ പോലീസിലും ആംബുലൻസ് വിഭാഗത്തിലും വിവരമറിയിച്ചു. സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം പൂർണമായും വളഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും തുടർന്ന് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Signature-ad

അതേസമയം 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് അഞ്ചുവയസുകാരിയായ മകളെ താഴേക്ക് എറിഞ്ഞ ശേഷമാണ് 35കാരിയായ അമ്മ ജീവനൊടുക്കിയത്. കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിങ് സൗകര്യവും ജിംനേഷ്യവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൂടി കണക്കാക്കുമ്പോൾ ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്നാണ് ദൃക്സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും നൽകുന്ന വിവരം.

ഏതാനും വർഷമായി ഭർത്താവ് നിഹിലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ കുടുംബവുമായി താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹിലിന്റെ പിതാവും സഹോദരനും ഭാര്യയും കുടുംബവുമെല്ലാം യുഎഇയിൽത്തന്നെയാണുള്ളത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ. കേസ് ആത്മഹത്യയായി റജിസ്റ്റർ ചെയ്ത ഷാർജ പോലീസ് തുടർനടപടികൾക്കായി കേസ് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

അതേസമയം യുവതിയുടെ ഭർത്താവ് നിഹിലിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് തലേദിവസം ഈ ഫ്ലാറ്റിൽ കുടുംബവഴക്ക് നടന്നതായും ഇതേത്തുടർന്ന് പൊലീസ് ഇവിടെ എത്തിയിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തുകയും ചെയ്തു. ഭാര്യയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭർത്താവ് തന്നോട് പറഞ്ഞിരുന്നതായി സുരക്ഷാ ജീവനക്കാരനും വ്യക്തമാക്കി. വിമാനത്താവളവുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവുമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇവർ ഇതേ ഫ്ലാറ്റിലാണ് താമസം.

ദിവസവും രാവിലെ സ്കൂളിൽ പോകാൻ പിതാവിനൊപ്പം ഇറങ്ങുമ്പോൾ കൈവീശി യാത്രപറഞ്ഞിരുന്ന ആ കൊച്ചുമിടുക്കിയുടെ മുഖം ഇപ്പോഴും കണ്ണിൽ നിന്നു മാറിയിട്ടില്ലെന്ന് കെട്ടിടത്തിലെ ജീവനക്കാർ സങ്കടത്തോടെ പറയുന്നു.

Back to top button
error: