പാലക്കാട്: മലബാറിലെ ട്രെയിന്‍ യാത്രക്കാരെ ഏറെക്കാലമായി പ്രയാസത്തിലാക്കിയ ഷൊര്‍ണൂരിലെ ട്രെയിന്‍ പിടിച്ചിടലിനു ശാശ്വത പരിഹാരമാകുന്നു. തൃശൂര്‍ പാലക്കാട് റെയില്‍ പാതയിലെ ട്രാക്ക് ഇരട്ടിപ്പിക്കല്‍ പ്രവൃത്തി ഉടന്‍ തുടങ്ങും. എറണാകുളത്തെ കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പുവച്ചു.
തൃശൂരില്‍ നിന്നു ഷൊര്‍ണൂരിലേക്കു പോകുന്ന ഭാഗവും ഷൊര്‍ണൂരില്‍ നിന്നു പാലക്കാട്ടേക്കു പോകുന്ന ഭാഗവും ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഒറ്റപ്പാതയാണ്. ഈ പാതയിലൂടെ ട്രെയിനുകള്‍ കടത്തി വിടുമ്പോള്‍ ഷൊര്‍ണൂരിലും വള്ളത്തോള്‍ നഗറിലുമെല്ലാം ട്രെയിന്‍ മണിക്കൂറുകളോളം പിടിച്ചിടേണ്ടതായി വരാറുണ്ട്.
ദക്ഷിണ റെയില്‍വേ രണ്ടു വര്‍ഷം മുന്‍പു തയാറാക്കിയ പദ്ധതിക്കാണ് അനുമതിയായത്. ഷൊര്‍ണൂര്‍ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ആദ്യഘട്ടത്തില്‍ പാലത്തിന്റെ നിര്‍മാണമാണ് ആരംഭിക്കുന്നത്. നിലവില്‍ ഒരു പാലത്തിലൂടെയാണു ട്രെയിനുകള്‍ കടന്നുപോകുന്നത്. 2027 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്.പദ്ധതിക്ക് മൊത്തം 367.39 കോടി രൂപയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.