ന്യൂഡല്‍ഹി: മുന്‍ ഭര്‍ത്താവിനെതിരെ ഓണ്‍ലൈനില്‍ നിരന്തരം അപവാദം പ്രചരിപ്പിച്ചെന്ന മാനനഷ്ടക്കേസില്‍ വീട്ടമ്മ 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് ഡല്‍ഹി സാകേത് ജില്ലാകോടതി. വിവാഹമോചനത്തിന് ശേഷവും മുന്‍ഭാര്യ ഇമെയില്‍ തുടങ്ങിയവയിലൂടെ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നാണ് ഡല്‍ഹി സ്വദേശിയായ മുന്‍ ഭര്‍ത്താവിന്റെ പരാതി. വ്യാജ ആരോപണങ്ങളുന്നയിച്ച് കോടതികളില്‍ ഹര്‍ജികളും നല്‍കുന്നു.
മുന്‍ഭാര്യ സുഹൃത്തുക്കളോട് ഇമെയിലില്‍ തനിക്കും അമ്മയ്ക്കുമെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ അറിയിക്കുന്നു. ജോലിസ്ഥലത്തേക്കും ഇമെയില്‍ അയയ്ക്കുന്നു. നിരന്തരമായ മാനസിക പീഡനത്തില്‍ രോഗബാധിതനായെന്നും, ശസ്ത്രക്രിയക്ക് വേണ്ടി വന്നെന്നും മുന്‍ഭര്‍ത്താവ് വ്യക്തമാക്കി. ആറുലക്ഷം രൂപ ശസ്ത്രക്രിയക്ക് ചെലവായി. മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടു.
തന്നെ മനപ്പൂര്‍വ്വം ദ്രോഹിക്കാനാണ് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് വീട്ടമ്മ വാദിച്ചു. രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച ജഡ്ജി സുനില്‍ ബേനിവാളിന് മുന്‍ഭര്‍ത്താവിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. 15 ലക്ഷം രൂപയും, ഒന്‍പത് ശതമാനം പലിശയും സഹിതം നല്‍കണമെന്നും ഉത്തരവിട്ടും.