CrimeNEWS

കോട്ടയത്തെ പെന്‍ഷന്‍ ഫണ്ടില്‍നിന്ന് 3 കോടി തട്ടി; വൈക്കം നഗരസഭാ ഉദ്യോഗസ്ഥനെതിരേ കേസ്

കോട്ടയം: നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നു 3 കോടി രൂപ ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തതായി കണ്ടെത്തല്‍. കോട്ടയം നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കുമായ കൊല്ലം മങ്ങാട് ആന്‍സി ഭവന്‍ അഖില്‍ സി.വര്‍ഗീസിനെതിരെയാണ് പരാതി. കോട്ടയം നഗരസഭാ സെക്രട്ടറി ബി.അനില്‍ കുമാര്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്തു.

വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരില്‍ ഒരാള്‍ക്ക് നഗരസഭയില്‍ നിന്നു പെന്‍ഷന്‍ തുക അയച്ചിരുന്നതിനാല്‍ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. യഥാര്‍ഥ പെന്‍ഷന്‍കാരി മരിച്ചപ്പോള്‍ വിവരം റജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നു സ്ഥലം മാറി 2020 മാര്‍ച്ച് 12 നാണ് അഖില്‍ കോട്ടയത്ത് എത്തിയത്. 2023 നവംബറില്‍ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അഖിലിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Signature-ad

പ്രാഥമികാന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍ തട്ടിപ്പ് പുറത്തുവരുമെന്നും നഗരസഭാ അധികൃതര്‍ ജില്ലാ പൊലീസ് മേധാവിക്കു മൊഴിനല്‍കി. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോര്‍പറേഷനില്‍ അഖില്‍ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്‌പെന്‍ഷനിലായി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ എന്‍ജിഒ യൂണിയന്‍ അംഗം എന്ന നിലയില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. താമസിയാതെ ഈരാറ്റുപേട്ടയിലേക്കു സ്ഥലംമാറ്റം തരപ്പെടുത്തി. അമ്മ കൊല്ലം കോര്‍പറേഷനിലെ താല്‍ക്കാലിക ജീവനക്കാരിയായി വിരമിച്ചയാളാണ്. വിജിലന്‍സ് അന്വേഷണത്തിനും വകുപ്പുതല നടപടിക്കും നഗരസഭാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്‌തെന്ന് നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: