CrimeNEWS

ഞെട്ടിക്കുന്ന അരുംകൊല: റോഡപകടം കൊലക്കേസായി, ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച 90 ലക്ഷം തട്ടാൻ വനിതാ മാനേജറുടെ ക്വട്ടേഷൻ

    കൊല്ലം ആശ്രാമത്ത് ജൂൺ 19നുണ്ടായ വാഹനാപകടത്തിൽ 80കാരൻ മരിച്ചത് കൊലക്കേസായി മാറുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ചുരുളഴിയുന്നത്. ബിഎസ്എൻഎല്ലിൽ ഉന്നത തസ്തികയിലിരുന്ന് വിരമിച്ച പാപ്പച്ചൻ എന്നയാളാണ് മരിച്ചത്. ഇത് റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന യഥാർത്ഥ വിവരങ്ങൾ പുറത്തു വന്നത്.

വിരമിച്ചപ്പോൾ ആനുകൂല്യമായി കിട്ടിയ 90 ലക്ഷം രൂപ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ സ്ഥാപനത്തിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു.  പക്ഷേ അദ്ദേഹം സ്വന്തം കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം വനിതയായ മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. ഇദ്ദേഹം ഇല്ലാതായാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസിലാക്കിയാണ് മാനേജർ സരിതയും അക്കൌണ്ടൻ്റും ചേർന്ന് ആസൂത്രണം നടത്തിയത്.

Signature-ad

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ അനി ക്രിമിനലിനെ സമീപിച്ചാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. പാപ്പച്ചൻ്റെ അക്കൌണ്ടിലെ 90 ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം പ്രതിഫലമായി നൽകാം എന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം അനി ജൂൺ 19ന് ആസിഫ് എന്നയാളിൽ നിന്ന് വാടകക്കെടുത്ത കാർ പാപ്പച്ചൻ ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്.

ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയിൽ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചൻ.

പാപ്പച്ചൻ സൈക്കിളിലേ യാത്ര ചെയ്യൂ എന്ന് പ്രതികൾക്ക് നന്നായി അറിയാമായിരുന്നു. ജൂൺ 19ന് പാപ്പച്ചൻ്റെ സൈക്കിളിലേക്ക് നീല നിറത്തിലുള്ള വാഗൺ-ആർ കാർ ചെന്നിടിക്കുന്നതിൻ്റെ സിസിടിവി വീഡിയോ അന്നുതന്നെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ അപ്പോഴും ഇത് ആസൂത്രിതമാണെന്ന് ആരും കരുതിയില്ല. കാറിൻ്റെ കളറും നമ്പറുമെല്ലാം നോക്കി ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു വന്നപ്പോഴും കൊലപാതകമാണെന്ന സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വാഹനമോടിച്ച അനിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

80കാരൻ്റെ അരുംകൊലയ്ക്ക് ക്വട്ടേഷനെടുത്ത അനി, കാർ വാടകക്ക് കൊടുത്ത ആസിഫ്, ധനകാര്യ സ്ഥാപനത്തിൻ്റെ ബ്രാഞ്ച് മാനേജർ സരിത, അക്കൌണ്ടൻ്റ് അനൂപ് എന്നിങ്ങനെ 4പേരെ ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തു. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ വിവേക് കുമാറിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് പുലർച്ചെ  അറസ്റ്റ് രേഖപ്പെടുത്തും. ധനകാര്യ സ്ഥാപനത്തിൻ്റെ ഉന്നതർ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി വിവരമുണ്ട്. പ്രതികളുടെ അറസ്റ്റിന് ശേഷം അക്കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: