
ഫോണ്‍ വാങ്ങുന്ന ആദ്യ കാലങ്ങളില്‍ മികച്ച ഇന്റര്‍നെറ്റ് സ്പീഡ് ഫോണ്‍ വാഗ്ദാനം ചെയ്യുമെങ്കിലും അല്‍പ നാളുകള്‍ കഴിഞ്ഞ് പതിയെ ഇന്റര്‍നെറ്റ് സ്പീഡ് കുറയാൻ തുടങ്ങും. പതിയെ ഇവ സ്പീഡ് ഒട്ടും ഇല്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യും.
പല പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറയാനായി കാരണം. വേണ്ട കരുതലുകള്‍ സ്വീകരിച്ചാല്‍ വളരെ നിരാസമായി തന്നെ ഈ പ്രശ്നം നമ്മുക്ക് പരിഹരിക്കാവുന്നതാണ്.
ആദ്യം തന്നെ നിങ്ങളുടെ പരിസരത്തെ മികച്ച നെറ്റ്വര്‍ക്ക് ലഭിക്കുന്ന സിം ഏതാണെന്ന് അറിഞ്ഞിരിക്കണം. ഈ സിം മാത്രമേ നിങ്ങള്‍ തിരഞ്ഞെടുക്കാവു. ഓഫര്‍ മാത്രം നോക്കി സിം സ്വന്തമാക്കിയാല്‍ ചിലപ്പോള്‍ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യത ഉണ്ട്.
നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ കൊണ്ടല്ലാതെ മറ്റ് എന്തെങ്കിലും പ്രശ്നങ്ങള്‍ കൊണ്ട് ആണ് നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നത് എങ്കില്‍ ഈ പ്രശ്നം എന്താണെന്ന് ആദ്യം കണ്ടെത്തണം. ഭൂരിഭാഗം ഫോണുകളിലും കാഷെ ക്ലിയര്‍ ചെയ്യാത്തതിനാല്‍ ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നതായി കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നത്തിന് വളരെ എളുപ്പത്തില്‍ തന്നെ പരിഹാരം കാണാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ കാഷെ ഡിലീറ്റ് ചെയ്താല്‍ മാത്രം മതിയാകും ഈ പ്രശ്നം പരിഹരിക്കാൻ.
ഇതിനായി ആദ്യം നിങ്ങള്‍ ഫോണിന്റെ സെറ്റിംഗ്സില്‍ എത്തുക. ശേഷം ആപ്പ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് ഓരോ ആപ്പുകള്‍ തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. ഇവിടെ കാഷെ എന്ന ഓപ്ഷൻ നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നതാണ്. ശേഷം ഇവ ക്ലിയര്‍ ചെയ്താല്‍ മാത്രം മതിയാകും നിങ്ങളുടെ ഫോണിന്റെ ഇന്റര്‍നെറ്റ് വേഗതയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നതാണ്.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങള്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുമ്ബോള്‍ ഒരു ആപ്പ് മാത്രമായി പ്രവര്‍ത്തിപ്പിക്കുക എന്നത്. ബാഗ്രൗണ്ടില്‍ മറ്റ് ആപ്പുകള്‍ തുറന്ന് കിടന്നാല്‍ ഇത് നിങ്ങളുടെ ഫോണിലെ പ്രോസസറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും ആയതിനാല്‍ തന്നെ ഇതുമൂലം ഫോണിലെ ഇന്റര്‍നെറ്റ് സ്പീഡ് കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഫോണില്‍ ഒരു സമയം ഒരു ആപ്പ് മാത്രം പ്രവര്‍ത്തിപ്പിക്കാൻ ശ്രമിക്കുക.
നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ഡാറ്റ സേവര്‍ മോഡ് എനബിള്‍ ആക്കിയിടുന്നതും ഫോണിന്റെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിനായി ഫോണിന്റെ സെറ്റിംഗ്സില്‍ നിന്ന് നെറ്റ്വര്‍ക്ക് ആൻഡ് ഇന്റര്‍നെറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതില്‍ ഡാറ്റ യൂസേജ് എന്ന ഓപ്ഷൻ കാണാവുന്നതാണ് ഇത് ഓപ്പണ്‍ ചെയ്താല്‍ ഡാറ്റ സേവര്‍ മോഡ് കാണാൻ സാധിക്കുന്നതാണ്. ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് നിങ്ങളുടെ ഉപകരണം അപ്ഡേറ്റ് ചെയ്യുക എന്നത്.
ഇങ്ങനെ ചെയ്യുമ്ബോള്‍ ഇന്റര്‍നെറ്റ് വേഗത മാത്രമല്ല ഫോണിന്റെ മൊത്തത്തിലുള്ള പെര്‍ഫോമൻസും വര്‍ധിക്കുന്നതാണ്. മികച്ച ബ്രൗസര്‍ തിരഞ്ഞെടുക്കുന്നതും നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗതയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ഗൂഗിള്‍ ക്രോം, മോസില ഫയര്‍ഫോക്സ് തുടങ്ങിയ ബ്രൗസറുകള്‍ പ്രകടനം മെച്ചപ്പെടുത്താനായി ഇടയ്ക്കിടെ അപ്ഡേറ്റുകള്‍ പുറത്ത് വിടാറുണ്ട്. ഇതുപോലുള്ള മികച്ച ബ്രൗസറുകള്‍ ഉപയോഗിക്കുന്നത് വഴിയും നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിച്ചേക്കാം.