IndiaNEWS

ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്;മുപ്പത്തിമുക്കോടി ദേവന്മാർ ഒത്തുചേരുന്ന ഹിമാചൽ പ്രദേശ് 

കുന്നുകളും മലകളും താഴ്വാരങ്ങളും പർവ്വതങ്ങളും എല്ലാമായി ആരെയും സ്വാഗതം ചെയ്യുന്ന നാട്. ഓരോ തവണ പോകുമ്പോഴും കൂടുതൽ നിഗൂഢതകളും കാഴ്ചകളുമായി ഹിമാചൽ പ്രദേശുണ്ടാവും..
ഇന്ത്യൻ സാഹിസകതയുടെ കളിസ്ഥലമായി വിലയിരുത്തപ്പെടുന്ന ഹിമാചലിനെക്കുറിച്ച് അറിഞ്ഞിരിക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട്. സഞ്ചാരികൽ ഒരിക്കലെങ്കിലും കയറിച്ചെല്ലണമെന്ന് ആഗ്രഹിക്കുന്ന മലമ്പാതകളും അവരെ സ്വീകരിക്കുവാൻ തയ്യാറായി നിൽക്കുന്ന ഗ്രാമങ്ങളും ഒരിക്കൽ കണ്ടാല്‍ വീണ്ടും കാണുവാൻ തോന്നിപ്പിക്കുന്ന ഇടങ്ങളും എല്ലാം ഹിമാചലിനു സ്വന്തമാണ്.
ഹിമാചൽ പ്രദേശിനെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ അതിന്‍റെ പേരിൽ നിന്നും തുടങ്ങാം. നമുക്കറിയുന്നതുപോലെ തന്നെ ഹിമ എന്ന വാക്കിനർത്ഥം മഞ്ഞ് എന്നാണ്. മഞ്ഞിന്‍റെ പ്രദേശം, ഹിമാലയത്തിന്‍റെ മടിത്തട്ടിലുള്ള ഇടം എന്നിങ്ങനെ പല അർത്ഥങ്ങളും ഇതിനുണ്ട്. സംസ്‌കൃത പണ്ഡിതനായ ആചാര്യ ദിവാകർ ദത്ത് ശർമ്മയാണ് ഹിമാചൽ പ്രദേശ് എന്ന വാക്ക് കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്.
1948 ഏപ്രിൽ 15 നാണ് ഹിമാചൽ പ്രദേശ് ഒരു സംസ്ഥാനമായി രൂപപ്പെട്ടത്. ചമ്പ, മാണ്ഡി, സിർമൂർ, മഹാസു എന്നീ നാല് ജില്ലകളുമായി 28 നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചുള്ള രൂപീകരണമായിരുന്നു അത്. പിന്നീട്, സമ്പൂർണ്ണ സംസ്ഥാന പദവി ലഭിക്കുന്നത് 1971 ജനുവരി 25ന് ആയിരുന്നു. ഇന്ത്യയുടെ പതിനെട്ടാം സംസ്ഥാനമായാണ് ഹിമാചൽ പ്രദേശ് വരുന്നത്.
കാശ്മീർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഇവിടുത്തെ കോട്ഗഡ് മേഖലയിൽ വളരെ വിപുലമായി തന്നെ ആപ്പിൾ കൃഷിയുണ്ട്. 450-ലധികം വ്യത്യസ്തങ്ങളായ ആപ്പിളുകൾ ഇവിടെ വളരുന്നു. പ്രതിവർഷം, ഹിമാചൽ 4 ലക്ഷം ടൺ ആപ്പിൾ ഉത്പാദിപ്പിക്കുന്നു. പീച്ച്, ചെറി, കിവി, പ്ലംസ് തുടങ്ങിയവും ഡ്രൈ ഫ്രൂട്സ് ആയ പൈൻ നട്ട്‌സ്, ചിൽഗോസ, ഹസൽനട്ട്‌സ് തുടങ്ങിയവവും സംസ്ഥാനത്ത് വലിയ രീതിയിൽ ഉത്പാദിപ്പിക്കുന്നു.
ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് ഖജ്ജിയാർ അറിയപ്പെടുന്നത് മിനി സ്വിറ്റ്സർലാന്‍ഡ് എന്നാണ്. സ്വിറ്റ്സർലൻഡിനു സമാനമായ പ്രകൃതിഭംഗിയും കാഴ്ചകളുമാണ് ഖജ്ജിയാറിനെ ഈ പേരിന് അർഹമാക്കിയത്. എന്നാല്‍ ഈ പേര് എങ്ങനെ വന്നുവെന്ന ആലോചിച്ചിട്ടുണ്ടോ? ആരായിരിക്കും ഈ പേരു നല്കിയത്? ഇതിനു കാരണക്കാരനായത് സ്വിറ്റ്സർലൻഡിലെ വൈസ് കൗൺസിലറും ചാൻസറി മേധാവിയുമായ ശ്രീ വില്ലി ടി ബ്ലേസറാണ്. അദ്ദേഹമാണ് ആദ്യമായി ഖജ്ജിയാറിനെ ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിശേഷിപ്പിച്ചത്.
വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന തീർത്ഥാടന സ്ഥാനങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള നിരവധി ക്ഷേത്രങ്ങളും സ്ഥലങ്ങളും ഹിമാചൽ പ്രദേശിലുടനീളമുണ്ട്.
ഇവിടുത്തെ ഓരോ പ്രദേശങ്ങൾക്കും അതിന്‍റേതായ ദൈവങ്ങളും ദേവതകളും ഉണ്ട്.
ഇവിടുത്തെ ആഘോഷങ്ങളിൽ മുപ്പത്തിമുക്കോടി ദേവന്മാരും എത്തിച്ചേരുന്നു എന്നു വിശേഷിപ്പിക്കപ്പെടുന്ന ആഘോഷമാണ് കുളു ദസറ. ഏഴു ദിവസത്തെ പരിപാടിയായ കുളു ദസറ 1637 മുതൽ 1672 വരെ കുളു ഭരിച്ചിരുന്ന രാജാ ജഗത് സിംഗിന്റെ ഭരണകാലത്താണ് തുടങ്ങുന്നത്. ഇവിടുത്തെ പ്രാദേശിക ദേവതകളെല്ലാം കുലു ദസറയ്ക്കായി എത്തിച്ചേരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഹിമാചല്‍ പ്രദേശിലെ ഏറ്റവും കൗതുകമുണർത്തുന്ന സ്ഥലങ്ങളിലൊന്നാണ് മലാന. ലഹരി വസ്തുവായ മലാന ക്രീമിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നതെങ്കിലും ചരിത്രപരമായ ഒട്ടേറെ വസ്തുതകൾ മലാനയ്ക്കുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ ഗ്രാമം ആണ് മലാന. പാർവ്വതി വാലിയ്ക്കും കുളു മലനിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അലക്സാണ്ടർ ചക്രവർത്തിയുടെ മാസിഡോണിയൻ പടയോട്ടക്കാലത്ത് അദ്ദേഹത്തിന്റെ സൈന്യം നിർമ്മിച്ചതാണെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. സ്വന്തമായി ഭരണവും നിയമവും മാത്രമല്ല, ഭാഷയും ഇവർക്കുണ്ട്.
ഹിമാചൽ പ്രദേശിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലൊന്നാണ് ഇവിടുത്തെ കൽക്ക-ഷിംല റെയിൽവേ. മലയോര പട്ടണങ്ങളായ കല്‍ക്കയെയും ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റെയിൽ പാതയ്ക്ക് രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഉള്ളത്.
1898 ല്‍ ബ്രിട്ടീഷുകാരാണ് കല്‍ക്ക-ഷിംല റെയില്‍വേ ആരംഭിച്ചത്,96 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലും ഇവിടം ഇടം നേടിയിട്ടുണ്ട്.
 കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍,കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍. മഞ്ഞുപെയ്യുന്ന സമയത്ത് ഇവിടെ എത്തിയാൽ നിശ്ചയമായും നിങ്ങൾക്ക് ഒരു യൂറോപ്യൻ രാജ്യത്ത്  നടത്തുന്ന ട്രെയിൻ യാത്രയുടെ അതേ ദൃശ്യങ്ങൾ ആസ്വദിക്കാം.
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയവും ഹിമാചൽ പ്രദേശിലാണുള്ളത്.ഹിമാചൽ പ്രദേശിന്റെ ശൈത്യകാല തലസ്ഥാനവും കാൻഗ്ര ജില്ലയുടെ ആസ്ഥാനവുമായ ധരംശാല അഥവാ ധർമശാലയിലാണിതുള്ളത്.
ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം ഇന്ത്യയിലെതന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ്.ഒരെ സമയം 23,000 പേർക്ക് ഈ സ്റ്റേഡിയത്തിലിരുന്ന് മൽസരങ്ങൾ കാണുവാൻ സാധിക്കും.

Back to top button
error: