
തൃശൂർ: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ദുരിതമാകുന്നു.മഴ കൂടി പെയ്താൽ പറയുകയും വേണ്ട.
പ്രതിദിനം ആയിരത്തിലധികം ബസ്സുകള്‍ വന്നുപോകുന്ന തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള സ്റ്റാൻഡാണ്. വന്നുപോകുന്ന ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്നതിനുള്‍പ്പടെയുള്ള സ്ഥല പരിമിതിയാണ് പ്രധാന പ്രശ്നം.
മധ്യ കേരളത്തിലെ സുപ്രധാന ബസ് ടെർമിനലായി തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റണമെന്നും ഇതിനായി മാസ്റ്റർപ്ലാൻ രൂപീകരിക്കണം എന്നുള്ളതും യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. 2016 ജൂൺ 14ന് ബസ് സ്റ്റാൻഡിനുള്ളിൽ ലോ ഫ്ലോർ ബസിടിച്ച് അന്ധരായ 2 ക്രിക്കറ്റ് താരങ്ങൾ മരിച്ചതിനെ തുടർന്നു സ്റ്റാൻഡിലെ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുമെന്ന് അന്നത്തെ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി അന്നു ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്റ്റാൻഡ് സന്ദർശിച്ച്, മാസ്റ്റർപ്ലാൻ രൂപീകരിക്കാനും സമഗ്രവികസനത്തിനു പദ്ധതിയൊരുക്കാനും നിർദേശം നൽകി.
വർഷങ്ങൾ പിന്നിട്ടതോടെ ഈ നിർദേശം കടലാസിൽ മാത്രം ഒതുങ്ങി.പിന്നീട് എല്ലാം ശരിയാകുമെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. നിലവിൽ കേരള സർക്കാരിന്റെ മന്ത്രിസഭയിൽ ജില്ലയിൽ നിന്നു 3 മന്ത്രിമാരുണ്ട്.
വന്നുപോകുന്ന ബസുകൾ പാർക്ക് ചെയ്യുന്നതിനുൾപ്പടെയുള്ള സ്ഥല പരിമിതിയാണ് തൃശൂരിലെ ഏറ്റവും വലിയ പ്രശ്നം.ഒപ്പം യാത്രക്കാർ സ്റ്റാൻഡിൽ തലങ്ങും വിലങ്ങും നടക്കുന്ന സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കണം.
.