കോട്ടയം: അപകടങ്ങള്‍ തുടര്‍ക്കഥയായ എരുമേലി – പമ്പ പാതകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കണമെന്ന് ആവശ്യം.ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കും നടപടികള്‍ക്കുമപ്പുറം അപകടമേഖലകളില്‍ ശാശ്വത പരിഹാരം കാണണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇത്തവണയും പരിഹാരമായിട്ടില്ല.രണ്ടാഴ്ച മുൻപും തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഇവിടെ മറിഞ്ഞിരുന്നു.
കണ്ണിമല ‘എസ് ‘ വളവിലും, എരുത്വാപ്പുഴ ഇറക്കത്തിലും, കണമല അട്ടിവളവിലും, കരിങ്കല്ലുമ്മൂഴി ഇറക്കത്തിലും കഴിഞ്ഞ സീസണിലും അപകട മരണങ്ങള്‍ ഉണ്ടായി. കണ്ണിമല എസ് വളവിന്റെ ഭാഗത്ത് താത്കാലികമായി കരിങ്കല്ലുകള്‍ നിരത്തി സംരക്ഷണ ഭിത്തിയും ക്രാഷ്ബാരിയര്‍ സ്ഥാപിക്കലും മാത്രമാണ് നടന്നിട്ടുള്ളത്. വളവ് നിവര്‍ക്കാനോ സമാന്തര റോഡ് നിര്‍മ്മിക്കാനോ കഴിഞ്ഞിട്ടില്ല. കരിങ്കല്ലുമ്മൂഴി വളവിലും സമാനസ്ഥിതിയാണ്.
എരുത്വാപ്പുഴ ഇറക്കത്തിലും കണമല അട്ടിവളവിലും അപകടങ്ങള്‍ ഉണ്ടാകാതെ ഒരു സീസണും കടന്നു പോയിട്ടില്ല. അവലോകനയോഗങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പ്രഹസനമാകുകയാണ്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കാൻ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.