KeralaNEWS

ഏറുമാടത്തിലെ താമസവും കുട്ടവഞ്ചിയിലെ സവാരിയും; പോകാം അടവിയിലേക്ക് 

പത്തനംതിട്ട: നിബിഡ വനങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന പുഴയിലൂടെ കുട്ടവഞ്ചി തുഴഞ്ഞ് പോകാനും കാടിന്റെ സംഗീതം ആസ്വാദിച്ച് പുഴവീടുകളില്‍ കിടന്നുറങ്ങി, പക്ഷികളുടെ ചിലമ്പലുകള്‍ കേട്ട് എഴുന്നേല്‍ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അടവിയിലേക്ക് പോകാം.
 പത്തനംതിട്ട ജില്ലയിൽ, അച്ചന്‍കോവില്‍ നദിയുടെ കൈവഴിയായ കല്ലാറിന്റെ തീരത്തെ ഒരു മനോഹരമായ പ്രദേശമാണ് അടവി.കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും, കേരള വനം – വന്യജീവി വകുപ്പും സംയുക്തമായി ആരംഭിച്ച കോന്നി – അടവി ഇക്കോ ടൂറിസം പദ്ധതി ഇപ്പോള്‍ പ്രദേശത്തെ മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
പത്തനംതിട്ടയിൽ നിന്നും പതിനാറ് കിലോമീറ്റര്‍ അകലെയുള്ള തണ്ണിത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തിലാണ്, കേരളത്തില്‍ ആദ്യമായി വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി യാത്രക്ക് അവസരം ഒരുക്കിയത്.പത്തനംതിട്ട വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കോടൂറിസം കേന്ദ്രത്തില്‍ നിര്‍മ്മിച്ച കുട്ടവഞ്ചികളാണ് (വട്ടവള്ളം) ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടവഞ്ചി നിര്‍മിച്ചതും പ്രദേശത്തെ ആളുകളെ അതില്‍ തുഴച്ചില്‍ പരിശീലിപ്പിച്ചതും തമിഴ്‌നാട്ടിലെ ഹൊഗെനക്കല്‍ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുള്ള വിദഗ്ദ്ധരായിരുന്നു.
ഇവിടുത്തെ പ്രധാന ആകര്‍ഷണം കുട്ടവഞ്ചിയിലൂടെയുള്ള സവാരിയാണ്. കൂടാതെ കല്ലാര്‍ നദിയുടെ തീരത്ത് മരങ്ങള്‍ക്ക് മുകളില്‍ ചെറിയ ചെറിയ ഏറുമാടം പോലെ സ്ഥാപിച്ചിരിക്കുന്ന പുഴവീടുകളിലെ (ബാംബൂ ഹട്ട്) താമസവും അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും.
കല്ലാര്‍ നദിയിലൂടെ 5-കിലോമീറ്റര്‍ ദൂരത്തില്‍ പ്രകൃതിയെ അറിഞ്ഞ് സഞ്ചരിക്കാനുള്ള അവസരമുണ്ട്. കുട്ടവഞ്ചി യാത്രയ്ക്ക് സാധാരണ രണ്ട് പാക്കേജുകള്‍ ലഭ്യമാണ്. നാല് പേര്‍ക്ക് 400 രൂപയ്ക്ക് സവാരി ചെയ്യാവുന്ന് ഷോര്‍ട്ട് റൈഡും, എട്ട് പേര്‍ക്ക് 800 രൂപയ്ക്ക് നടത്താവുന്ന ലോംഗ് റൈഡുമാണത്. പുഴവീടുകളില്‍ താമസിക്കാന്‍ സിംഗിള്‍ ഹട്ടില്‍ നാല് പേര്‍ക്ക് ഒരു ദിവസത്തേക്ക് താമസിക്കാന്‍ 4000 രൂപയാണ് ഈടാക്കുന്നത്.
തീർന്നില്ല,അടവിക്ക് തൊട്ടടുത്തു തന്നെയാണ് മണ്ണീറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടവും നല്ലൊരു അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. 2008ല്‍ കോന്നി ആനക്കൂട് കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച കോന്നി – അടവി ഇക്കോ ടൂറിസം പദ്ധതിയില്‍ ഈ വെള്ളച്ചാട്ടവും ഉള്‍പ്പെടുന്നുണ്ട്. കോന്നി ആനക്കൂടില്‍ നിന്നും 13 കി.മീ അകലെയാണ് അടവി സ്ഥിതി ചെയ്യുന്നത്. 1942 ല്‍ സ്ഥാപിച്ച ആനക്കൂടും പരിസരവും ഏകദേശം ഒന്‍പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു.ശബരിമലയ്ക്ക് ഇവിടെ നിന്നും 40 കിലോമീറ്റർ മാത്രമാണ് ദൂരം.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍ 33 കി.മീ അകലെയുള്ള ചെങ്ങന്നൂര്‍ സ്റ്റേഷനും, 35 കി.മീ അകലെയുള്ള തിരുവല്ല സ്റ്റേഷനുമാണ്. ഏറ്റവും അടുത്ത വിമാനത്താവളങ്ങള്‍ 105 കി.മീ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും, 140 കി.മീ അകലെയുള്ള നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമാണ്.

Back to top button
error: