
കാൺപൂർ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാർക്കും നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നൽകുക താമരയുടെ ആകൃതിയിലുള്ള മെമന്റോ. ബുന്ദേൽഖണ്ഡിലെ മഹോബയിൽ നിന്നുള്ള മെമന്റോയുടെ പേര് ‘കമലം’ എന്നാണ്. പിച്ചളയിൽ കൈകൊണ്ട് നിർമ്മിച്ച മൊമന്റോയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. മെമെന്റോ തയ്യാറാക്കിയിരിക്കുന്നത് ലോഹ ശിൽപിയും ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്നുള്ള ദേശീയ അവാർഡ് ജേതാവുമായ മൻമോഹൻ സൈനിയാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്ക് നല്കാൻ, എട്ട് മാസം മുമ്പാണ് യുപി കരകൗശല വികസന വിപണന കോർപ്പറേഷൻ മൻമോഹൻ സൈനിയോട് 50 പിച്ചള താമരകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടത്.
16 ഇതളുകളുള്ള താമരയ്ക്ക് അഞ്ച് ഇഞ്ച് ഉയരമുണ്ട്. ചെറുതും വലുതുമായ എട്ട് ഇതളുകൾ വീതമാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. താമര തിരിക്കുമ്പോൾ ഇതളുകൾ തുറന്നു വരികയും പൂർണമായി വിരിഞ്ഞ താമരയുടെ രൂപത്തിലാകുകയും ചെയ്യും. പുറം ദളങ്ങൾ തുറക്കുന്ന തരത്തിൽ തയ്യാറാക്കിയ മൊമെന്റോ താമര മൊട്ടിന്റെ മാതൃകയിലാണ് ആദ്യ കാഴ്ചയിൽ ഉണ്ടാകുക. 50 താമരകൾ ഉണ്ടാക്കാൻ മൂന്ന് മാസമെടുത്തു എന്നും ഇവ ദില്ലിയിലേക്ക് നേരത്തെ തന്നെ അയച്ചതായും സൈനി പറയുന്നു. പിതാവ് ഗ്യാസി സൈനിയിൽ നിന്നാണ് താൻ ഈ കരകൗശലവിദ്യ പഠിച്ചതെന്നും വലിയൊരു വേദിയിലേക്ക് തന്റെ നിർമ്മിതികൾ എത്തിയതിൽ അഭിമാനിക്കുന്നതായും മൻമോഹൻ സൈനി പറഞ്ഞു.
ഈ പിച്ചള നിർമ്മിതികൾ നിർമ്മിക്കാൻ കഴിയുന്ന ഒരേയൊരു കരകൗശല വിദഗ്ധൻ സൈനിയാണ്, കൂടാതെ 30 വർഷത്തിലേറെയായി വിശിഷ്ടമായ പിച്ചള കലാരൂപങ്ങൾ നിർമ്മിക്കുന്നതിനുള്ള ബഹുമതിയും അദ്ദേഹം നേടിയെടുത്തു. 2016ൽ ബിജെപി എംപി കുൻവർ പുഷ്പേന്ദ്ര ചന്ദേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹൻ സൈനി നിർമ്മിച്ച കമലം സമ്മാനിച്ചിരുന്നു. തുടർന്നാണ് ജി-20 ഉച്ചകോടിക്ക് വേണ്ടിയുള്ള കരാർ മൻമോഹൻ സൈനിയെ തേടി എത്തുന്നത്.