KeralaNEWS

പകരം വെക്കാനില്ലാത്ത വരകളുടെ തമ്പുരാൻ, മലയാളത്തിലെ ക്ലാസിക്ക് രചനകളിലെ കഥാപാത്രങ്ങൾ പലരും പുനർജനിച്ചത്  ആർട്ടിസ്റ്റ് നമ്പൂതിരിയുടെ  വിരൽത്തുമ്പിലൂടെ

     മലയാള സാഹിത്യത്തിലെ ക്ലാസിക്ക് രചനകളിലെ കഥാപാത്രങ്ങളിൽ പലരെയും അപൂർവ്വ സുന്ദരമായ ചാരുതയോടെ  വായനക്കാരുടെ മുന്നിലെത്തിച്ച അതുല്യ പ്രതിഭയാണ്  ആർട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ച അദ്ദേഹം 98-ാം  വയസിൽ ഇന്ന് രാത്രി 12.21ന് വിട പറഞ്ഞപ്പോൾ മലയാളത്തിലെ ഒരു സുവർണാധ്യായമാണ് അസ്തമിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരണം.

സ്വന്തം കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എം.ടി വാസുദേവൻ നായർ ഉൾപ്പടെ പല എഴുത്തുകാരും  ആഗ്രഹിച്ചിരുന്നു. വരയുടെ പരമശിവൻ എന്നാണ് വികെഎൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Signature-ad

കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. ആ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം സുന്ദരമായി വഴങ്ങി. കളിമണ്ണിലും ലോഹത്തിലും സിമന്റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട് നമ്പൂതിരി.

1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം. ചെറുപ്പത്തിൽ സംസ്കൃതവും വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെ മണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താൽപര്യം കണ്ടറിഞ്ഞ്, ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗദ്ഭരുടെ ശിഷ്യനായി.

1960 ൽ മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ചു. എം.ടിയും വി.കെ.എന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്.
മലയാള സാഹിത്യത്തിലെ പ്രകാശസ്തംഭങ്ങളായ പല രചനകളും വായനക്കാരിലെത്തിയത് നമ്പൂതിരിയുടെ വരയ്ക്കൊപ്പമാണ്. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. നമ്പൂതിരിയുടെ സ്ത്രീകളെ കണ്ട് ഭ്രമിച്ചു പോയിട്ടുണ്ടെന്ന് വി.കെ.എൻ പറഞ്ഞിട്ടുണ്ട്. പേരെടുത്ത പെയിന്റിങ്ങുകളുമുണ്ട് അദ്ദേഹത്തിന്റേതായി. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് പ്രശസ്തമാണ്.

അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചു. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
കേരള ലളിതകലാ അക്കാദമി അധ്യക്ഷനായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ. സംസ്കാരം ഇന്ന്

Back to top button
error: