ചൊറിച്ചിൽ മൂലമോ മറ്റോ ചർമത്തിൽ ഉണ്ടാകുന്ന പൊട്ടലുകളിലൂടെയും രോഗം പകരാം. വലിയ മുറിവുകൾ വേണമെന്നില്ല. രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുന്നതും രോഗത്തിന് കാരണമാകും. സാധാരണയായി എലിപ്പനി പടർന്നുപിടിക്കുന്നത് പ്രളയ കാലം പോലെ ശുദ്ധജലം ലഭിക്കാത്ത സാഹചര്യത്തിലും മണ്ണും പരിസരവും മലിനമാവുകയും ചെയ്യുമ്പോഴാണ്.കേരളത്തില്‍ രോഗം മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. ഇതുമൂലം മരണം സംഭവിക്കുന്നതിന്‍റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ്.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു. ഒരു തുള്ളി എലിമൂത്രത്തില്‍ കോടിക്കണക്കിന് ബാക്ടീരിയകളുണ്ടാകും. ഇവ എലികളില്‍ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെ കടിച്ചാലും എലിപ്പനി വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കൾ, ആട്, പന്നി എന്നിവയും രോഗാണു വാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്ത് വെള്ളത്തിലും എത്തുന്നു. കൂടാതെ എലിമാളങ്ങളില്‍ വെള്ളം കയറുന്നതോടെ അവ കൂട്ടത്തോടെ പുറത്തേക്ക് വരുകയും വെള്ളം വ്യാപകമായി എലിമൂത്രംകൊണ്ടും വിസർജ്യം കൊണ്ടും നിറയുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മൂന്നു മാസമെങ്കിലും എലിപ്പനി ഭീഷണി നിലനില്‍ക്കും.
രോഗാണുക്കള്‍ കലര്‍ന്ന മലിനജലത്തില്‍ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കില്‍ സാധ്യത കൂടും.ശരീരത്തില്‍ മുറിവുകള്‍ ഇല്ലെങ്കിലും ദീര്‍ഘനേരം മലിന ജലത്തില്‍ പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതൽ 14 വരെ ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മറ്റു പകര്‍ച്ചപ്പനികളുടെ സമാന ലക്ഷണങ്ങളാണ് ആരംഭത്തില്‍ ഉണ്ടാകുന്നതെങ്കിലും ശ്രദ്ധിച്ചാല്‍ എലിപ്പനിയാണോ എന്ന് മനസ്സിലാക്കാം.
ശക്തമായ പനി, തലവേദന, പേശിവേദന. പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും ഉണ്ടാകുന്ന വേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളില്‍ കൈവിരല്‍കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന,കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച, കണ്ണിന്‍റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുക.ആരംഭത്തില്‍തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം. ഇല്ലെങ്കിൽ പിടിവിട്ടു പോകും.