
കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവിജ സേതു മോഹൻ കോടതി ജീവനക്കാരെ അടിമകളാക്കി അടക്കി ഭരിക്കുന്നതു കണ്ടാൽ നീതിദേവത ലജ്ജിച്ച് ശിരസ്സു കുനിക്കും. ഈ മജിസ്ട്രേറ്റിന്റെ ഫ്ളാറ്റിലെ അടുക്കള ജോലികൾ ചെയ്യുന്നതും പാലും പച്ചക്കറിയും വാങ്ങുന്നതും കൊച്ചിനെ നോക്കുന്നതും കോടതി ജീവനക്കാർ തന്നെ. ബ്രിട്ടീഷ് ഭരണകാലത്ത് പോലും കേട്ടുകേഴ്‌വിയില്ല ഇത്ര അടിമത്തം.
ഒടുവിൽ സഹികെട്ട് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവിജ സേതു മോഹനെതിരെ കോടതി ജീവനക്കാർ പരാതിയുമായി രംഗത്ത്. പി.എസ്.സി പരീക്ഷ എഴുതി ഉദ്യോഗം നേടിയ സാധാരണക്കാരായ ജീവനക്കാരെയാണ് തെല്ലും മനുഷത്വമില്ലാതെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വീട്ടുജോലിയ്ക്കു നിയോഗിക്കുന്നത്. മജിസ്ട്രേറ്റിൻ്റെ വീട്ടുജോലി ചെയ്യാൻ വിസമ്മതിച്ച കുമരകം സ്വദേശിനിയായ ജീവനക്കാരിയെ ഈരാറ്റുപേട്ടയിലേയ്ക്ക് സ്ഥലം മാറ്റി. പ്രതിഷേധം പ്രകടിപ്പിച്ച മറ്റു നാല് ജീവനക്കാർ സ്ഥലം മാറ്റ ഭീഷണിയിലാണ്.
ജീവനക്കാരെ അടുക്കള ജോലിക്കു നിയോഗിക്കാൻ പാടില്ല എന്ന ഹൈക്കോടതി സർക്കുലർ നിലനിൽക്കെയാണ് മജിസ്ട്രേറ്റിൻ്റെ ഈ നിലപാട്. നേരത്തെ കോട്ടയത്തെ പ്രിൻസിപ്പൽ സബ് ജഡ്ജായിരുന്ന വിവിജയെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി നിയമിക്കുകയായിരുന്നു. ജോലിയ്ക്കു എത്തിയ കാലം മുതൽ തന്നെ ജീവനക്കാരെ സിജെഎം സ്വന്തം വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിച്ചിരുന്നുവത്രേ. പാൽ വാങ്ങാനും പച്ചക്കറി വാങ്ങാനും ചിക്കൻ വാങ്ങാനും ജീവനക്കാർക്ക് വാട്സ്അപ്പിൽ പതിവായി നിർദേശം നൽകുന്നതിൻ്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ജീവനക്കാരെ ഡ്യൂട്ടി സമയത്ത് കുട്ടിയെ പരിചരിക്കാൻ സ്വന്തം ഫ്ലാറ്റിലേയ്ക്ക് അയക്കുന്നതും ഇവരുടെ ശീലമാണ്.
കോടതി ജീവനക്കാരുടെ ജോലി സമയം രാവിലെ 09.15 മുതൽ വൈകിട്ട് 5.15 വരെയാണ്. ഈ സമയത്തിൽ മാറ്റം വരുത്തിയ സിജെഎം, ഇവരോട് രാവിലെ 9 ന് തന്നെ ഹാജരാകണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ജീവനക്കാരോട് ജോലി കഴിഞ്ഞു മടങ്ങുന്നത് താൻ പറയുന്ന സമയത്ത് മാത്രം മതിയെന്നും നിർദ്ദേശിച്ചു.
മജിസ്ട്രേറ്റിൻ്റെ നിർദ്ദേശാനുസരണം വീട്ടു ജോലി ചെയ്യാൻ വിസമ്മതിച്ച കുമരകം സ്വദേശിയായ ജീവനക്കാരിയെ ഈരാറ്റുപേട്ടയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. പൊതുവെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ് ഇത്തരത്തിൽ വീട്ടുജോലിയ്ക്കായി നിയോഗിക്കുന്നത്. ഇത്തരത്തിൽ ജോലിയ്ക്കു വിസമ്മതിക്കുന്നവരെ സ്ഥലം മാറ്റും എന്ന ഭീഷണിയാണ് ഉയർത്തുന്നത്. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റിനാണ് ജില്ലയിലെ എല്ലാ മജിസ്ട്രേറ്റ് കോടതികളുടെയും ചുമതല. അതുകൊണ്ടു ആജ്ഞാനു വർത്തികളല്ലാത്ത ജീവനക്കാരെ എങ്ങോട്ട് വേണമെങ്കിലും തുരത്താൻ ഇവർക്ക് സാധിക്കും.
ഈ സാഹചര്യത്തിൽ ഹൈക്കോടതി രജിസ്ട്രാർ സബോർഡിനേറ്റ് ജുഡീഷ്യറിയ്ക്കും, ജില്ലാ ജഡ്ജിയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ. ജീവനക്കാരുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുത്തുന്ന രീതിയിലുള്ള അടിമ ജോലിയ്ക്കു കൂട്ടു നിൽക്കാനാവില്ലെന്ന് കേരള ജുഡീഷ്യൽ ഓഫീസ് അറ്റൻഡൻഡേഴ്സ് അസോസിയേഷൻ അറിയിച്ചു. .