CrimeNEWS

അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ശിക്ഷിക്കപ്പെട്ട മകന് സുഹൃത്തിനെകൊന്ന കേസിലും ജീവപര്യന്തം

കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സഹപ്രവര്‍ത്തകനെ കൊന്ന കേസിലും ജീവപര്യന്തം. പട്ടത്താനം നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കേതില്‍ സുനിലി(54)നാണ് ശിക്ഷ. കൂടാതെ രണ്ടുലക്ഷം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവും വിധിച്ചിട്ടുണ്ട്. പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥാപനത്തില്‍ ഒപ്പം ജോലിചെയ്തിരുന്ന, അയത്തില്‍ ജി.വി.നഗര്‍-49, കാവുംപണക്കുന്നില്‍വീട്ടില്‍ സുരേഷ്ബാബു(41)വിനെ കൊന്ന കേസിലാണ് ശിക്ഷ. മദ്യപിച്ച പണത്തിന്റെ പങ്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. കൊല്ലം അഡീഷണല്‍ ജില്ലാ കോടതി (നാല്) ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്.

ഈ കേസില്‍ സുനിലിനെ ജാമ്യത്തിലിറക്കിയ അമ്മ സാവിത്രിയമ്മയെയാണ് പിന്നീട് സ്വത്തിനുവേണ്ടി ജീവനോടെ കുഴിച്ചുമൂടി കൊന്നത്. പ്രസ്തുത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ശാസ്താംകോട്ട ഡിവൈ.എസ്.പിയായ എസ്.ഷെരീഫാണ് കൊല്ലം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറായിരിക്കെ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി കെ.ബി.മഹേന്ദ്ര ഹാജരായി.

Signature-ad

2015 ഡിസംബര്‍ 26-ന് പട്ടത്താനം പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥലത്തായിരുന്നു കൊലപാതകം. രാവിലെ സുനിലും സുരേഷ്ബാബുവും മറ്റും ഒന്നിച്ച് സ്‌നേഹമതിലിന്റെ പണിക്കു പോയി. പണം പങ്കിടാമെന്ന ധാരണയില്‍ ഇവര്‍ ഉച്ചയ്ക്കും വൈകിട്ടും മദ്യപിച്ചു. 600 രൂപ കൂലിയില്‍ മദ്യത്തിന്റെ പങ്കു കിഴിച്ച് ഒരാള്‍ക്ക് 365 രൂപയാണ് കിട്ടിയത്. ഈ തുക സുരേഷ്ബാബുവിനെ ഏല്‍പ്പിച്ച് വൈകിട്ട് 7.45 ആയപ്പോഴേക്കും മറ്റുള്ളവര്‍ പോയി. എന്നാല്‍, തനിക്ക് 500 രൂപ വേണമെന്നാവശ്യപ്പെട്ട് സുനില്‍, സുരേഷുമായി തര്‍ക്കവും പിടിവലിയുമായി. ഇതിനിടെ സുനില്‍ ചുറ്റികകൊണ്ട് ക്രൂരമായി ആക്രമിച്ചു. തടഞ്ഞ സഹപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടിയെയും ചുറ്റികകൊണ്ട് അടിച്ചു.

പിന്നീട് വെട്ടുകത്തിയും പാരയും ഉപയോഗിച്ചും സുരേഷ്ബാബുവിനെ ആക്രമിച്ചു. ഇതുകണ്ട് നിലവിളിച്ച കൃഷ്ണന്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഓടിച്ചു. പിറ്റേദിവസം രാവിലെയാണ് സുരേഷ്ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് എഴുകോണിലെ ബന്ധുവീട്ടില്‍നിന്ന് സുനിലിനെ പോലീസ് പിടികൂടി. പോസ്റ്റ്മോര്‍ട്ടത്തില്‍ 61 മുറിവുകളാണ് സുരേഷ്ബാബുവിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. 2019-ലാണ് സുനില്‍ അമ്മയെ മര്‍ദിച്ചശേഷം കുഴിച്ചുമൂടിയത്. ഇതില്‍ ഈമാസം ഏഴിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

 

Back to top button
error: