വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്നു നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു.ഇന്ന് പുലർച്ചെയാണ് വിശാഖപട്ടണം കളക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിൽ മൂന്ന് നിലകളുള്ള കെട്ടിടം തകർന്നു വീണത്.
എസ് ദുര്‍ഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരണപ്പെട്ടത്. അഞ്ജലിയുടെ ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.
എൻഡിആർഎഫും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന അഞ്ച് പേരെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കെട്ടിടത്തിന് തൊട്ടടുത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗും കുഴൽക്കിണർ കുഴിക്കലും നടക്കുന്നുണ്ടായിരുന്നു. തുടർച്ചയായ പൈലിംഗിൽ കെട്ടിടത്തിന് വിള്ളൽ വീഴുകയും തുടർന്ന് തകർന്നു വീഴുകയുമായിരുന്നു എന്നാണ് നിഗമനം.