LocalNEWS

മുന്‍വൈരാഗ്യം: പത്തനംതിട്ടയില്‍ കായികമേളയ്ക്കിടെ വിദ്യാര്‍ഥികളുടെ ‘തല്ലുമാല’

പത്തനംതിട്ട: കോന്നി ഉപജില്ലാ കായികമേളയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടയടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന കായികമേളയ്ക്കിടെയാണ് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. രണ്ടുതവണ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.

വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടയടിക്ക് കാരണമായതെന്നാണ് വിവരം. കായികമേളയ്ക്ക് എത്തിയപ്പോള്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഇവര്‍ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവരും ഉള്‍പ്പെട്ടതായും വിവരങ്ങളുണ്ട്.

രാവിലെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ മതിയായ പോലീസ് സാന്നിധ്യം സ്റ്റേഡിയത്തില്‍ ഉറപ്പാക്കാന്‍ സാധിച്ചില്ല. വൈകിട്ടും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുണ്ടായി. ഇതോടെയാണ് പോലീസെത്തി രംഗം ശാന്തമാക്കിയത്. ഇതിനുശേഷം ബസ് സ്റ്റാന്‍ഡില്‍വെച്ചും വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലാന്‍ മുതിര്‍ന്നെങ്കിലും പോലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. അതിനിടെ, മതിയായ അധ്യാപകരോ സംഘാടകരോ ഇല്ലാതെയാണ് കായികമേള നടത്തിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

 

 

 

 

Back to top button
error: