IndiaNEWS

യുപിയിലെ ഫാക്ടറിയിലെ അമോണിയ ചോര്‍ച്ച: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

അലിഗഡ്: ഉത്തര്‍ പ്രദേശിലെ അലിഗഡിലെ മാംസ ഫാക്ടറിയിലെ അമോണിയ ചോര്‍ച്ചയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നൂറോളം തൊഴിലാളികള്‍ അമോണിയ ശ്വസിച്ച് രോഗികളായതിന് പിന്നാലെയാണ് സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുവോ മോട്ടോ പ്രകാരമാണ് നടപടി. നാല് ആഴ്ചയ്ക്കുള്ളില്‍ സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അലിഗഡ് ജില്ലാ മജിസ്ട്രേട്ടിനും ഉത്തര്‍ പ്രദേശ് ഡിജിപിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

വെള്ളിയാഴ്ചയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്. അമോണിയ ചോര്‍ച്ചയുണ്ടായ ഫാക്ടറിയിലെ നൂറോളം ജീവനക്കാരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള പ്രസ്താവനയില്‍ വിശദമാക്കി. സെപ്തംബര്‍ 22നായിരുന്നു അലിഗഡിലെ മാംസ സംസ്കരണ ശാലയില്‍ അമോണിയ ചോര്‍ച്ചയുണ്ടായത്. വാതക ചോര്‍ച്ചയുണ്ടായ പൈപ്പ് ലൈനിന് തകരാറുണ്ടായിരുന്നുവെന്നും ഇത് മാറ്റുന്നതിന് പകരം അടുത്തിടെ അറ്റകുറ്റ പണികള്‍ മാത്രം നടത്തിയതാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് വിവരം. പൈപ്പ് ലൈന്‍ മാറ്റേണ്ടതാണെന്ന വിവരം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്. പാക്കിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു വനിതാ തൊഴിലാളികളാണ് അമോണിയ ശ്വസിച്ച് അവശനിലയിലായത്. അലിഗഡിലെ റോറവാര്‍ പ്രദേശത്താണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

വാതക ചോര്‍ച്ചയെ തുടര്‍ന്ന് അവശരായ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ അപകട നില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. സംഭവത്തില്‍ ഫാക്ടറി ഉടമസ്ഥരുടേയും പ്രാദേശിക ഭരണകൂടത്തിന്‍റേയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും മനുഷ്യാവകാശ ലംഘനമുണ്ടായെന്നുമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തല്‍. സംഭവത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും തൊഴിലാളികളുടെ ആശുപത്രി ചെലവ് അടക്കമുള്ള കാര്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മാംസ സംസ്കരണ ശാലയുടെ ലൈസന്‍സ്, അവശരായ തൊഴിലാളികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള നഷ്ടപരിഹാരം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായോയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഫാക്ടറി ഉടമയായ ഹാജി സഹീര്‍ ഒളിവിലാണ്. ഫാക്ടറിയില്‍ ബാലവേല നടന്നതായി സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്. സമാനമായ മറ്റൊരു സംഭവത്തില്‍ ഒഡീഷയില്‍ ചെമ്മീന്‍ സംസ്കരണ ശാലയില്‍ അമോണിയ ചോര്‍ന്ന് 28 തൊഴിലാളികളാണ് അവശനിലയിലായത്. ഇവരില്‍ 4 പേരുടെ നില ഗുരുതരമാണ്.

Back to top button
error: