KeralaNEWS

സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നു; വിമര്‍ശനവുമായി കാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമര്‍ശിച്ചു. ഗവർണർ ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് കാനം രാജേന്ദ്രന്‍റെ വിമര്‍ശനം. എൽഡിഎഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം രാജേന്ദ്രൻ വിമര്‍ശിച്ചു. ഇതിനെ പാർട്ടി അതിജീവിക്കും. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം പറഞ്ഞു. എൻഡിഎയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം കൊടുക്കണം. ചിന്നഭിന്നമായ പ്രതിപക്ഷമാണ് എൻ ഡി എ അധികാരത്തിൽ വരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐയിൽ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നുവെന്നും കാനം പറഞ്ഞു. 40ൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമായി പ്രചരിപ്പിക്കുന്നു. പാർട്ടി ഒരു തീരുമാനമെടുത്താൽ ഒറ്റക്കെട്ടായി നടപ്പാക്കും. സിപിഐ അഭിപ്രായമുള്ള സഖാക്കളുടെ പാർട്ടിയാണ്. നാല്പത് പേർ പങ്കെടുത്ത ഒരു സമ്മേളനത്തിന്റെ ചർച്ചയിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമാണ് എന്ന് വാർത്ത കൊടുക്കുന്നത് ശരിയല്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇത്തരം ചർച്ചകൾ നടക്കും. അത് തെറ്റാണെന്ന് പറയാനാകില്ല. എന്നാൽ ഒരു തീരുമാനമെടുത്താൽ പാർട്ടി അടി മുതൽ മുടി വരെ ഒറ്റക്കെട്ടായി നില്‍കുമെന്നും കാനം പറഞ്ഞു.

Back to top button
error: