KeralaNEWS

ഗതാഗതക്കുരുക്കും സ്‌ഥലപരിമിതിയും, കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നു

കേരള ഹൈക്കോടതിയുടെ പ്രവര്‍ത്തനം കൊച്ചി നഗരമധ്യത്തിൽ നിന്ന് കളമശേരിയിലേക്ക്‌ മാറ്റാൻ സര്‍ക്കാർ നീക്കം. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്‌. എഎച്ച്‌.എം.ടിയുടെ പത്തേക്കര്‍ സ്‌ഥലം ഏറ്റെടുക്കാനാണ് ആലോചന. സൗകര്യപ്രദമായ മറ്റൊരിടത്തേയ്‌ക്കു മാറ്റുന്നതു ആലോചിച്ചുകൂടെ എന്ന് ഹൈക്കോടതിയും സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്‌ഥലപരിമിതിയുമാണു മാറ്റത്തിനു പ്രേരണ. മാത്രമല്ല, 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്നു പരാതിയുണ്ട്‌. നിര്‍മ്മാണകാലം മുതല്‍ക്കേ അസൗകര്യങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നിരുന്നു. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലമാണ് കളമശേരി. സ്വന്തം മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും വളരെ താല്‍പര്യമുള്ള കാര്യമാണ്‌. അതിനാല്‍, സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിൽ ലഭ്യമാകും.

ഹൈക്കോടതിക്ക് എതിര്‍പ്പില്ലാത്തതിനാല്‍, മറ്റു നിയമതടസത്തിനു സാധ്യതയില്ല. സ്‌ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമാണെങ്കിലും എ.എച്ച്‌.എം.ടിയുടെ സ്‌ഥലം സംസ്‌ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തതാണ്‌. കാക്കനാട്‌ ഭാഗത്താണു ആദ്യം ഉദ്ദേശിച്ചിരുന്നത്‌. സ്‌ഥല ലഭ്യതക്കുറവാണു എ.എച്ച്‌.എം.ടി. പരിഗണിക്കാന്‍ കാരണം. നിലവിലുള്ള കെട്ടിടം എട്ടു നിലയാണ്‌. എന്നാല്‍, പുതിയ കെട്ടിടത്തില്‍ പരമാവധി മൂന്നു നിലയേ ഉണ്ടാകൂ. അഭിഭാഷകര്‍ക്കായി പ്രത്യേക കോംപ്‌ളക്‌സും പദ്ധതിയിലുണ്ട്‌.

നിര്‍ദ്ദിഷ്‌ട സമുച്ചയത്തിനൊപ്പം ജഡ്‌ജിമാര്‍ക്കു താമസിക്കാന്‍ ജുഡീഷ്യല്‍ റസിഡന്‍ഷ്യല്‍ കോംപ്‌ളക്‌സും വിഭാവനം ചെയ്‌തിട്ടുണ്ട്‌. കീഴ്‌കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി വൈറ്റിലയില്‍ നിര്‍മ്മിച്ചിട്ടുള്ള കോംപ്‌ളക്‌സിന്റെ മാതൃകയിലാണു ഉദ്ദേശിക്കുന്നത്‌. നിലവില്‍ 60,000 രൂപ മുതല്‍ പ്രതിമാസ വാടക നല്‍കിയാണു ജഡ്‌ജിമാർക്കുള്ള ബംഗ്‌ളാവ്‌ ഒരുക്കിയിട്ടുള്ളത്‌. നിലവില്‍ 37 ജഡ്‌ജിമാരാണുള്ളത്‌.
എറണാകുളം നഗരം വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്‌. അവിചാരിതമായുണ്ടാകുന്ന വെള്ളക്കെട്ട്‌ ഹൈക്കോടതിയിലെത്തുന്നവര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമായാല്‍, പഴയ കെട്ടിടം വിട്ടു നല്‍കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്‌. അല്ലെങ്കില്‍ ഹൈക്കോടതി തന്നെ മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കുകയോ സര്‍ക്കാരിനു വിട്ടു നല്‍കുകയോ ചെയ്യാം. സര്‍ക്കാര്‍ ഓഫീസുകള്‍, കലാലയങ്ങള്‍, ഹോട്ടല്‍, തുടങ്ങിവയവയ്‌ക്കു നല്‍കുക എന്നിവയാണ് പരിഗണനയിലുള്ളത്.
ദേശീയപാത 47, ദേശീയപാത 66, സീപോര്‍ട്ട്‌- എയര്‍പോര്‍ട്ട്‌ റോഡ്‌, മെട്രോ റെയില്‍, ആലുവ- മൂന്നാര്‍ സ്‌റ്റേറ്റ്‌ ഹൈവെ മുതലായവ കടന്നുപോകുന്നതിനാല്‍ പ്രദേശമായതിനാൽ മികച്ച കണക്‌റ്റിവിറ്റിയുണ്ട്‌. നിര്‍ദ്ദിഷ്‌ട സില്‍വര്‍ ലൈനും കളമശേരി വഴിയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: