CrimeNEWS

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചു, റിസോര്‍ട്ടില്‍ മുമ്പും സമാന സംഭവങ്ങള്‍

ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി (19)യുടെ മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ കുടുംബാംഗങ്ങള്‍ സമ്മതം നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്തിമകര്‍മങ്ങള്‍ നടത്തിയത്. യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. റിസോര്‍ട്ടിലെത്തുന്ന അതിഥികളുടെ ലൈംഗികതാത്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന റിസോര്‍ട്ട് ഉടമയുടെ നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണ് അങ്കിത കൊല ചെയ്യപ്പെട്ടത്. യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കിയതിലും കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ മകനായ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ചു നീക്കിയത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിട്ടും യുവതിയുടെ ബന്ധുക്കളും പ്രദേശവാസികളും ശ്രീനഗര്‍-കേദാര്‍നാഥ് ദേശീയപാത ഉപരോധിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. ഡോക്ടര്‍മാരുടെ നാലംഗസംഘമാണ് മൃതദേഹ പരിശോധന നടത്തിയത്. കുടുംബാംഗങ്ങള്‍ മാത്രമാണ് യുവതിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതെന്നും അങ്കിതയുടെ കുടുംബവുമായി നിരന്തരബന്ധം പുലര്‍ത്തുന്നുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് വിജയ് ജോഗ്ദാന്ദെ അറിയിച്ചു.

യുവതിയുടെ മരണത്തില്‍ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കിതയെ കാണ്‍മാനില്ലെന്ന് ആദ്യം പരാതി നല്‍കിയത് പ്രതികള്‍ തന്നെയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ ഒരു കനാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തിരിച്ചറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പുല്‍കിത് ആര്യയുടെ അച്ഛന്‍ വിനോദ് ആര്യയയേയും സഹോദരന്‍ അങ്കിത് ആര്യയേയും ബിജെപി പുറത്താക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ രാജി വെക്കുകയായിരുന്നുവെന്നാണ് വിനോദ് ആര്യ അവകാശപ്പെട്ടത്. കൂടാതെ, പുല്‍കിത് ആര്യ തങ്ങളോടൊപ്പമല്ല താമസമെന്നും വിനോദ് ആര്യ പറഞ്ഞു.

അതേസമയം, അങ്കിതയ്ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയും ഇതേവിധത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് അങ്കിതയുടെ സ്ഥലമായ പൗരി ഗഡ്വാളില്‍ നിന്നുള്ള മറ്റൊരു പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ നിന്ന് കാണാതായെന്ന സൂചനയുണ്ട്. എന്നാല്‍, കാണാതായ പെണ്‍കുട്ടി തന്റെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈവശപ്പെടുത്തി ഒളിച്ചോടിയതാണെന്നാണ് പുല്‍കിത് ആര്യ അന്ന് മൊഴി നല്‍കിയത്. അങ്കിതയുടെ കൊലപാതകത്തെ തുടര്‍ന്ന് ആ കേസിലും പോലീസ് അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

 

Back to top button
error: