NEWS

ശ്വസിച്ച് നേടാം, ശ്വാസകോശങ്ങളുടെ ആരോഗ്യം; ഇന്ന് ലോക ശ്വാസകോശ ദിനം 

നിത്യജീവിതത്തില്‍ വളരെ സ്വാഭാവികമായി നടന്നുപോകുന്ന പ്രക്രിയയാണ് ശ്വസനം. ശരീരത്തിന്റെ എല്ലാ ജൈവ പ്രക്രിയകള്‍ക്കും അതുവഴി ജീവന്‍ നിലനിര്‍ത്താനും ഇത് ആവശ്യമാണ്.ബോധപൂര്‍വമല്ലാതെ നടക്കുന്ന ഇത്തരം ശ്വസനത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വായു സാവകാശം വലിച്ചെടുത്ത് ശ്വാസകോശത്തില്‍ നിലനിര്‍ത്തി, ക്രമേണ പുറത്തുവിടുന്ന ശ്വസനരീതി(deep breathing)അനുവര്‍ത്തിക്കുകയാണെങ്കിൽ ശ്വാസം മുട്ടൽ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ഒരിക്കലും ഉണ്ടാകില്ല.ശ്വാസകോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

വായിക്കുമ്പോഴോ, യാത്രചെയ്യുമ്പോഴോ, സിനിമകാണുമ്പോഴോ ഓഫീസിലെ ചെറിയ ജോലിക്കിടയിലോ ഗാഢശ്വസനം (deep breathing) ചെയ്യാം. ക്യൂവില്‍ നിന്ന് പാഴാക്കിക്കളയുന്ന സമയത്തിന്റെ ചെറിയൊരംശം, ടെലിവിഷന്‍ കാണുന്ന സന്ദര്‍ഭം ഇവയെല്ലാം ഇതിനുപയോഗപ്പെടുത്താം. മലിനവായുവില്ലാത്ത എവിടെയും ഗാഢശ്വസനം ചെയ്യുന്നത് ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ഊര്‍ജസ്വലതയും നല്കും. ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുമ്പോള്‍ ഗാഢശ്വസനം ഉത്തമമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് വേഗമില്ലാത്ത ഗാഢശ്വസനം ഔഷധതുല്യമായ ഗുണഫലമുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗാഢശ്വസനത്തില്‍ ശരീരത്തില്‍ കൂടുതല്‍ എന്‍ഡോര്‍ഫിന്‍ (Endorphine)സ്രവിപ്പിക്കപ്പെടുന്നത് വേദന സംഹാരിയുടെ ഗുണം ചെയ്യും. പേശികള്‍ക്ക് അയവുണ്ടാക്കി കഴുത്ത്, വയറ്, പുറം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന വേദന കുറയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ക്ക് സാധിക്കും. ആസ്ത്മ രോഗികള്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ക്കും ഗാഢശ്വസനം ആശ്വാസമേകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: