CrimeNEWS

ജാര്‍ഖണ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ മലയാളികളെ ബന്ധികളാക്കി

റാഞ്ചി: ജാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസും രണ്ടു ജീവനക്കാരെയും ഗ്രാമവാസികൾ ബന്ദികളാക്കി.  ഇടുക്കി കൊച്ചറ സ്വദേശി അനീഷ്, മേരികുളം സ്വദേശി ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരള പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ജാർഖണ്ഡ് പൊലീസ് മലയാളികളെ രക്ഷപ്പെടുത്തി. എന്നാല്‍, ബസ് ഗ്രാമത്തിൽ തന്നെ പിടിച്ചുവെച്ചിരിക്കുകയാണ്.

കഴിഞ്ഞ പത്താംതീയതിയാണ് ഇവര്‍ പോയത്. തൊഴിലാളികളുമായാണ് ബസ് പോയത്. ശേഷം തൊഴിലാളികളെയും കൂട്ടി തിരിച്ചുവരാനായിരുന്നു പദ്ധതി. അതിനായി ഇവര്‍ രണ്ടുദിവസമായി കാത്തിരിക്കുകയായിരുന്നു. ഇന്നലെ ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇവര്‍ക്ക് വിളിവന്നു. കേരളത്തിലേക്ക് വരാനായി 15ഓളം പേര്‍ തയ്യാറാണെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. ഇതനുസരിച്ച് ഇവര്‍ തൊഴിലാളികളെ കൂട്ടാനായി ഗ്രാമത്തിലേക്ക് പോയി. ഈ സമയമാണ് ഗ്രാമത്തിലുള്ളവര്‍ ഇവരെ ബന്ദിയാക്കിയത്. ബസിനുള്ളില്‍ ഇവരെ പൂട്ടിയിടുകയായിരുന്നു. മുമ്പ് കേരളത്തിലേക്ക് ജോലിക്കു വന്നവര്‍ക്ക് ശമ്പളക്കുടിശ്ശിക ഉണ്ടെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ രണ്ട് ലക്ഷം രൂപ തന്നാല്‍ മാത്രമേ മോചിപ്പിക്കൂ എന്നും അറിയിച്ചു. കൂടെയുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീടാണ് കേരള പൊലീസിനെ വിവരമറിയിച്ചത്. എഡിജിപി തലത്തില്‍ കേരളത്തില്‍ നിന്ന് ജാര്‍ഖണ്ഡ് പൊലീസിനെ ബന്ധപ്പെട്ടതോടെ പൊലീസെത്തി മോചിപ്പിച്ച് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബസ് ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഇവരെ കൊണ്ടുവരുക. കുടിശ്ശിക കിട്ടിയാല്‍ മാത്രമേ ബസ് വിട്ടുകൊടുക്കൂവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. എന്നാല്‍, തമിഴ്നാട്ടിലെ ഏതോ കമ്പനിയാണ് തൊഴിലാളികളെ കബളിപ്പിച്ചതെന്നും തങ്ങള്‍ക്ക് ബന്ധമില്ലെന്നും മോചിപ്പിക്കപ്പെട്ട അനീഷ് പറഞ്ഞു.

Back to top button
error: