1700 കോടിയ്ക്ക് നാവിക സേനയ്ക്കായി 35 ബ്രഹ്മോസ് മിസൈലുകള്‍; കരാര്‍ ഒപ്പിട്ടു

ദില്ലി: നാവികസേനയ്ക്കായി ഇന്ത്യ 35 ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നു. 1700 കോടി രൂപ മുടക്കിയാണ് ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മിസൈലുകള്‍ വാങ്ങുന്നത്. മിസൈല്‍ വാങ്ങുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം ബ്രഹ്മോസ് എയ്‌റോസ്‌പേസുമായി വ്യാഴാഴ്ച കരാര്‍ ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്.

ആഭ്യന്തര മന്ത്രാലയവും ബ്രഹ്മോസ് എയ്‌റോസ്‌പേസും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം രണ്ട് പ്രോജക്റ്റ് 15 ബി കപ്പലുകൾക്കായി 35 കോംബാറ്റ് മിസൈലുകളും, മൂന്ന് പ്രാക്ടീസ് ബ്രഹ്മോസ് മിസൈലുകളും നല്‍കണം. ഇന്ത്യൻ നാവികസേന കഴിഞ്ഞ വർഷം നവംബറിൽ ആദ്യ യുദ്ധക്കപ്പൽ മുംബൈയിൽ കമ്മീഷൻ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐഎൻഎസ് വിശാഖപട്ടണം, ബ്രഹ്മോസ് കപ്പൽ വേധ മിസൈലിന്റെ നവീകരിച്ച പതിപ്പിന്റെ പരീക്ഷണം എന്നിവയും വിജയകരമായി നടത്തി. ഈ വർഷം ഫെബ്രുവരി 18 ന് മറ്റൊരു വിജയകരമായ പരീക്ഷണ വെടിവയ്പ്പ് നടത്തിയിരുന്നു.

നിലവിൽ വിശാഖപട്ടണം ക്ലാസിന് കീഴിൽ, മൊത്തം നാല് യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. വിശാഖപട്ടണം, മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ യുദ്ധക്കപ്പലുകളെത്തുക. അതേസമയം നാവിക സേനയുടെ യുദ്ധക്കപ്പലായ മോരുഗാവോ ആദ്യ കടൽ പരീക്ഷണം പൂർത്തിയാക്കി. മോരുഗാവായോും ഉടൻ തന്നെ സേനയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. നാല് കപ്പലുകളുടെ നിർമ്മാണത്തിനായി 35,800 കോടിയുടെ കരാർ ആണ് 2011 ൽ ഒപ്പുവച്ചത്. ഈ മാസം ആദ്യം ഇന്ത്യൻ നാവികസേന ആദ്യമായി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് കൊച്ചിയിൽ കമ്മീഷൻ ചെയ്തിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version