Breaking NewsNEWS

മിന്നല്‍ റെയ്ഡില്‍ പകച്ച് പോപ്പുലര്‍ ഫ്രണ്ട്; 106 പേര്‍ കസ്റ്റഡിയില്‍, നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍

ന്യൂഡല്‍ഹി/തിരുവനന്തപുരം/കൊച്ചി: രാജ്യമെമ്പാടും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ പകച്ച് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇ.ഡി സഹകരണത്തോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടു പോയി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍, ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീന്‍, കോഴിക്കോട് സ്വദേശി പി. കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രമുഖ നേതാക്കള്‍. കൂടാതെ തമിഴ്‌നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. സംസ്ഥാനത്ത് പുലര്‍ച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചത്. സി.ആര്‍.പി.എഫ്. സുരക്ഷയിലായിരുന്നു സംസ്ഥാനത്ത് പരിശോധന.

അതിനിടെ, കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നു പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍.എസ്.എസ്. അജന്‍ഡയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാ മോദി സര്‍ക്കാര്‍ വന്നതിന് വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുകയെന്നത് ആര്‍എസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്ര ഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്‍മാരെ വിട്ടുകിട്ടിയില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം തുടരുമെന്നും സത്താര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലുടനീളം റെയ്ഡിനെതിരേ കടുത്ത പ്രതിഷേധമാണ് സംഘടനയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്.

Back to top button
error: