CrimeNEWS

വിനോദസഞ്ചാര കേന്ദ്രത്തില്‍ വിദ്യാര്‍ഥികളെ അടിച്ചോടിച്ചു; ‘സദാചാരപ്പോലീസി’നെതിരേ ചുമത്തിയത് നിസാര വകുപ്പ്

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കല്‍ പാറ കാണാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് വടി കൊണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും കുട്ടികള്‍ നിലവിളിക്കുന്നതുമായ വീഡിയോ പുറത്തു വന്നു. കുട്ടികള്‍ സുഹൃത്തിന്റെ വീട്ടിലെത്തിയശേഷം പാറ കാണാനിറങ്ങിയതായിരുന്നു.

കുട്ടികളെ മര്‍ദിച്ച ശ്രീനാരായണപുരം സ്വദേശി മനീഷിനെതിരേ പോത്തന്‍കോട് പോലീസ് കേസെടുത്തു. കുട്ടികളെ ഓടിച്ചിട്ടു മര്‍ദിച്ചിട്ടും ജാമ്യം കിട്ടുന്ന വകുപ്പുകളാണു ചുമത്തിയതെന്ന് ആക്ഷേപമുണ്ട്. പാറ കാണാനെത്തിയവരില്‍ ചിലരാണു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ മാസം ആദ്യമാണു സംഭവം നടന്നത്. റോഡില്‍നിന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനു നേര്‍ക്കു നാട്ടുകാരില്‍ ചിലര്‍ ആക്രോശിച്ച് അടുക്കുകയായിരുന്നു. എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നു ചോദ്യം ചെയ്ത മനീഷ് കുട്ടികളെ അടിക്കുന്നതും ഒരു പെണ്‍കുട്ടി അലറിവിളിച്ചു കൊണ്ട് ഓടുന്നതും വീഡിയോയില്‍ ഉണ്ട്. വടിക്കും കൈകൊണ്ടും കുട്ടികളെ അടിക്കുന്നുണ്ട്.

വഴിയാത്രക്കാരനായ യുവാവ് പെണ്‍കുട്ടികളെ മര്‍ദിച്ചതു ചോദ്യം ചെയ്തപ്പോള്‍ നീയാരാടാ ചോദിക്കാനെന്ന് നാട്ടുകാരിലൊരാള്‍ തിരിച്ചു പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 

Back to top button
error: