KeralaNEWS

സ്മാർത്തവിചാരണയ്ക്ക് വിധേയരാകുന്ന പോലീസ്:CR. ബിജു കെ പി ഒ എ ജനറൽ സെക്രട്ടറി

 

ഇന്നത്തെ സമൂഹം ചിന്തിക്കുമ്പോൾ അപരിഷ്കൃതം എന്ന് ഉച്ചത്തിൽ പറയുന്ന ദുരാചാരമായിരുന്നു ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിലെ ഒരു പ്രമുഖ സമുദായത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം.
ചാരിത്ര്യദോഷം ആരോപിക്കപ്പെടുന്ന സ്ത്രീയെ വിചാരണ ചെയ്യുന്ന രീതിയായിരുന്നു ഇത്. വിചാരണയ്ക്ക് വിധേയയാകുന്ന സ്ത്രീക്ക് നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരം നിഷേധിക്കുന്ന വിചാരണാ രീതി. അഞ്ചാംപുരയുടെ *വാതിലിന് പിന്നിൽ മാത്രം നിൽക്കാൻ വിധിക്കപ്പെട്ട സ്ത്രീക്ക് പറയാനുള്ളത് ദാസിമാർ മുഖാന്തിരം മാത്രം പറയാനേ അവസരം ഉണ്ടായിരുന്നുള്ളൂ.* അങ്ങനെ ‘ സാധനം ‘ എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീയെ വിചാരണയ്ക്ക് വിധേയരാക്കി കുറ്റം കെട്ടിവച്ച് ഭ്രഷ്ട് കൽപ്പിച്ച് തെരുവിലേക്ക് തള്ളി വിടുന്ന ദയനീയ ശിക്ഷ. അപരിഷ്കൃത കേരളത്തിൽ നിന്ന് പരിഷ്കൃത കേരളത്തിലേക്കുള്ള നവോത്ഥാന കാലഘട്ടത്തിലാണ് ഈ ദുരാചാരവും ഇല്ലാതായത്.

ഇങ്ങനെ പരിഷ്കൃതമായ *ഈ കാലഘട്ടത്തിലും സ്മാർത്തവിചാരണയ്ക്ക് വിധേയമാകുന്ന ഏക വിഭാഗം പോലീസാണ്.* സ്വന്തം അഭിപ്രായങ്ങൾ പറയുവാനുള്ള അവസരങ്ങൾ നിഷിദ്ധമാക്കിക്കൊണ്ട്, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉൾപ്പെടെ കെട്ടിച്ചമച്ച് വിചാരണ നടത്തി, അന്യായ ശിക്ഷ പലപ്പോഴും ഏറ്റുവാങ്ങേണ്ടിവരുന്ന വിഭാഗം. ഇത്തരം വിചാരണകൾക്ക് വിധേയമായി സ്വയം ജീവനൊടുക്കിയ DYSP ഹരികുമാർ ഉൾപ്പെടെയുള്ള നിരവധി പോലീസ് ഉദ്യോഗസ്ഥന്മാരും ഉണ്ട്.

സമാനമായ സാഹചര്യമാണ് ഇപ്പോൾ നടക്കുന്ന അഭിഭാഷക സമര പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയും പറയാനുള്ളത്. ഭരണഘടനാ പ്രകാരമുള്ള എക്സിക്യൂട്ടീവ് വിഭാഗത്തിൽ ഏറെ ക്ലേശകരമായ ജോലി ചെയ്യേണ്ട വിഭാഗമാണ് പോലീസ്. നിയമ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർ എന്നനിലയിൽ അഭിമുഖീകരിക്കുന്ന തൊഴിൽ സാഹചര്യങ്ങൾ ഏറെ ദുരിതപൂർണ്ണമാണ്. വർത്തമാനകാല കേരളത്തിൽ പേപിടിച്ച നായ്ക്കൾ ഉണ്ടാക്കുന്ന അസ്വസ്ഥത എത്ര വലുതായാണ് സമൂഹം ചിന്തിക്കുന്നത്. താരതമ്യേന വലുപ്പം കുറഞ്ഞ ഈ നാൽക്കാലിയേക്കാൾ അപകടകാരികളായ പേപിടിച്ച പല മനുഷ്യ ജന്മങ്ങളേയും പോലീസിന് നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നു. ഇങ്ങനെയുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിച്ച് പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ കടമയാണ്. ഇത്തരം കടമകൾ നിറവേറ്റുന്നതിനിടയിൽ പലപ്പോഴും ഇത്തരക്കാരുടെ ആക്രമണങ്ങൾക്കും പോലീസ് വിധേയരാകേണ്ടി വരുന്നു.
ഈ സന്ദർഭങ്ങളിലെങ്കിലും സ്മാർത്ത വിചാരണയ്ക്ക് വിധേയരാക്കാതെ ധാർമ്മിക പിന്തുണ നൽകാൻ പൊതുസമൂഹം മുന്നോട്ട് വരേണ്ടതാണ്.

രാഷ്ട്രീയ പ്രബുദ്ധമായ നാടാണ് നമ്മുടേത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് പലരേയും തകർക്കാൻ നടന്ന പല നീക്കങ്ങളേയും അവഗണിച്ച്, അവർക്കുള്ള പിന്തുണ ഊട്ടി ഉറപ്പിച്ച് ഉജ്ജ്വല വിജയം സമ്മാനിച്ച നാടാണ് കേരളം.

സമസ്ത തൊഴിലാളി വിഭാഗങ്ങളും സംഘടിച്ചിട്ടുള്ള നാടാണ് കേരളം. അത്തരത്തിലുള്ള *തൊഴിലാളി സംഘടനകൾക്ക് ഉയർന്ന സംഘടനാ ബോധവും സാമൂഹ്യബോധവും അനിവാര്യമാണ്.* അല്ലാതെ കൂടെയുള്ള ഒരാൾ എന്ത് നെറികേട് കാണിച്ചാലും അവയെ പിന്തുണയ്ക്കുന്ന നിലപാട് ഏത് സംഘടനയെടുത്താലും അത്തരം സംഘടനകൾ ഈ സമൂഹത്തിന് തന്നെ അപമാനമാണ്.

ഇന്ത്യൻ ഭരണഘടനയും നിയമ വ്യവസ്ഥയും എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഒരുപോലെ ബാധകമാണ്. അതിൽ *പ്രത്യേക പ്രിവിലേജ് ആർക്കും ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടില്ല.* എന്നാൽ തങ്ങൾ ആരോ ആണ്, തങ്ങൾക്ക് എന്തോ പ്രത്യേക പ്രിവിലേജ് ഉണ്ട് എന്ന് ധരിക്കുന്ന ചില വിഭാഗങ്ങളുടെ ഈഗോയാണ് പലപ്പോഴും അരക്ഷിതാവസ്ഥ പോലീസ് സമൂഹത്തിന് മുന്നിൽ സൃഷ്ടിക്കുന്നത്.

ക്രമസമാധാന പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കോ, കോടതികളുടെ ഭാഗമായി ഇന്ത്യൻ നിയമ വ്യവസ്ഥയുടെ പ്രധാന കണ്ണികളിൽ ഒന്നായി പ്രവർത്തിക്കുന്ന അഭിഭാഷകർക്കോ, മറ്റേതെങ്കിലും വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്കോ വേറിട്ട ഒരു പരിഗണനയും ഇന്ത്യൻ ഭരണഘടന നൽകുന്നില്ല. ഇതിന് വ്യത്യസ്ഥമായ പ്രവൃത്തി ആരിൽ നിന്ന് ഉണ്ടായാലും നിയമത്തിന്റെ മുന്നിൽ ഒരു പോലെയാണ്.

പോലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെ ഭാഗത്ത് നിന്ന് ചിലപ്പോഴെങ്കിലും ചില വീഴ്ചകൾ ഉണ്ടാകാറുണ്ട്. ഇത്തരം വീഴ്ചകൾക്കെതിരെ പോലീസ് തന്നെ കർശന നിലപാടെടുത്ത്, നടപടിയെടുത്ത് മുന്നോട്ട് പോകുകയും ചെയ്തു വരുന്നു. വസ്തുതാപരമായി ഉയരുന്ന ഇത്തരം ആരോപണങ്ങളിൽ ഉൾപ്പെടുന്ന ഒരാൾക്കും അനുകൂലമായി ഒരു നിലപാടും ഒരിക്കലും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൈക്കൊണ്ടിട്ടില്ല എന്നും അഭിമാനത്തോടെ സൂചിപ്പിക്കട്ടെ.

എന്നാൽ ഇന്ന് കേരളം കാണുന്ന അഭിഭാഷക സമര സാഹചര്യം ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. ഈ സമര സാഹചര്യവും നാം മനസ്സിലാക്കേണ്ടതാണ്.
സെപ്റ്റംബർ 5 ന് വൈകുന്നേരം കരുനാഗപ്പള്ളിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഒരു അഭിഭാഷകനും ജനങ്ങളുമായി ഉണ്ടായ തർക്കത്തിൽ പോലീസ് നിയമപരമായ നടപടികൾ സ്വീകരിച്ചു. മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെ സംബന്ധിച്ച് പൊതുജനങ്ങൾ കൃത്യമായ മൊഴി പോലീസിന് നൽകിയതിന്റെ ഭാഗമായാണ് ടിയാനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മാത്രമല്ല ഇയാളെ പരിശോധന നടത്തിയ ഡോക്ടർ പരിശോധനാ രേഖകളിൽ പോലീസിനേയും സ്റ്റാഫിനേയും ആക്രമിച്ചതായും, വയലന്റ് ബിഹേവിയർ ആണ് എന്നും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ മദ്യാസക്തിയിൽ പൊതുജനങ്ങൾക്ക് ശല്യമായി മാറിയ ഒരാളെക്കുറിച്ച് പൊതുജനങ്ങൾ തന്നെ പരാതിപ്പെട്ടതനുസരിച്ച്, ജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് കസ്റ്റടിയിലെടുത്തപ്പോൾ നടത്തിയ കോപ്രായങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതു സമൂഹമാകെ കണ്ടതാണ്. ഈ വിഷയത്തിൽ കേസെടുത്ത് ആളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.

ഇത്തരത്തിൽ സമൂഹ സുരക്ഷയ്ക്കായി പോലീസ് കൈക്കൊണ്ട നിയമപരമായ നടപടികൾക്കെതിരായ ഈ സമരം ശരിയാണോ എന്ന് പരിശോധിക്കേണ്ടതാണ്. സെപ്റ്റംബർ 5 ന് നടന്ന സംഭവത്തിന് ശേഷം ആറാം തീയതി എല്ലാ ദിവസത്തേയും പോലെ കേരളത്തിലെ കോടതികൾ പ്രവർത്തിച്ചു എന്ന് മാത്രമല്ല, ഈ വിഷയത്തിൽ ഉൾപ്പെട്ട അഭിഭാഷകനും കോടതിയിൽ എല്ലാ ദിവസത്തേയും പോലെ പോകുകയും ചെയ്തു. അതിന് ശേഷം ഓണവും ആഘോഷിച്ച ശേഷം ഈ സംഭവത്തെ തെറ്റായി ചിത്രീകരിച്ച് ഇപ്പോൾ നടക്കുന്ന സ്മാർത്തവിചാരണ പരിശോധനാ വിധേയമാക്കേണ്ടതാണ്. പോലീസ് ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ളവർക്കിടയിലെ ചിലരിൽ നിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാം. അങ്ങനെ തെറ്റായ പ്രവണതകളിലേക്കും, അതിലൂടെ പൊതുസമൂഹത്തിന് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നവർക്കെതിരെ കൈക്കൊള്ളുന്ന നിയമ നടപടികളെ പിന്തുണച്ചും, ഇത്തരക്കാരെ ശരിയിലേക്ക് തിരുത്തി കൊണ്ടുവരുന്നതിനും പകരം, ഇത്തരക്കാരെ പിന്തുണച്ച് നടത്തുന്ന സമരങ്ങൾ ഉചിതമാണോ എന്ന പരിശോധനയും എല്ലാവരും നടത്തേണ്ടതാണ്.
*തെറ്റ് ചെയ്യുന്നവരെ പിന്തുണയ്ക്കുകയല്ല വേണ്ടത്. തെറ്റ് ചെയ്യുന്നവരെ തിരുത്തി, ശരിയിലേക്കെത്തിക്കാൻ തിരുത്തൽ ശക്തിയായി മാറുകയാണ് വേണ്ടത്.*
ഇത്തരം സംഭവങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് പോലീസിനെ നിർജ്ജീവമാക്കുക എന്ന ഒറ്റ താൽപര്യം മാത്രമെയുള്ളു എന്നതാണ് യാഥാർഥ്യം. അത് നാം തിരിച്ചറിയേണ്ടതാണ്.

ഇത്തരം സമരാഭാസങ്ങൾക്ക് മുമ്പിൽ പതറാതെ, ജനങ്ങൾക്ക് സുരക്ഷ നൽകേണ്ടവരാണെന്നും, അതിലൂടെ ഈ നാടിന്റെ തന്നെ കാവലാളുമാണ് പോലീസ് എന്ന ഉത്തമ ബോധ്യത്തിൽ മുഴുവൻ പോലീസ് ഉദ്യോഗസ്ഥന്മാരും കർമ്മനിരതരാകേണ്ടതാണ്. ശരിയും നന്മയും ആഗ്രഹിക്കുന്ന പ്രബുദ്ധ കേരളം നമുക്കൊപ്പമുണ്ടാകും.

 

Back to top button
error: