CrimeNEWS

കോഴിക്കോട്ട് വീണ്ടും വന്‍ലഹരി വേട്ട; ആറരക്കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡില്‍ ആറര കിലോ കഞ്ചാവ് പിടികൂടി. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ സി.പി. ഷിഹാബ്(33)നെ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ( ഡന്‍സാഫ് ) ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടി.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ലഹരിക്കെതിരേ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് പരിശോധനകള്‍ കര്‍ശനമായി നടത്തി വരുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്.

ഫറോക്ക് സ്‌കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ വ്യാപക മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഷിഹാബിനെ കുറിച്ച് വിവരം ലഭിച്ചത്.

പോലീസിനെ കബളിപ്പിക്കാന്‍, ഒരു സ്റ്റേഷനിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പില്‍ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി അവിടെ വെച്ച് കച്ചവടം നടത്തുകയും ശേഷം നാട്ടിലേക്ക് ബസ് മാര്‍ഗം പോവുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

പ്രതി ഗള്‍ഫില്‍ ഡ്രൈവര്‍ ജോലി ചെയ്ത് വരികയായിരുന്നു. കൊറോണയ്ക്ക് ശേഷം നാട്ടിലെത്തി ചെന്നൈയില്‍ ഹോട്ടലില്‍ ജേലി ചെയ്ത് വരവേയാണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ലഹരി കാരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

പിടിയിലായ ഷിഹാബിന് ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സിറ്റി പോലീസിന്റെയും ഡന്‍സാഫിന്റെയും നേതൃത്വത്തില്‍ 30 കിലോ കഞ്ചാവ്, 225 ഗ്രാം എം.ഡി.എം.എ, 345 എല്‍.എസ്.ഡി സ്റ്റാബ്, 170 എം.ഡി.എം.എ. പില്‍, ഹാഷിഷ് ഓയില്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.

Back to top button
error: