NEWS

പോകാം, പുള്ളിപ്പുലികളുടെ രാജ്യമെന്നറിയപ്പെടുന്ന ബേര ഗ്രാമത്തിലേക്ക്…!

സാധാരണ യാത്രകള്‍ ആസ്വദിച്ചു മടുത്തോ? എങ്കിലിനി അല്‍പം ‘ഷോക്കടിപ്പിക്കുന്ന’ ഒരു യാത്രയായാലോ! പോകാം, പുള്ളിപ്പുലികളുടെ രാജ്യമെന്നറിയപ്പെടുന്ന ബേര ഗ്രാമത്തിലേക്ക്…!
രാജസ്ഥാന്‍റെ ഹൃദയഭാഗത്ത്, ആരവല്ലിയുടെ തണലില്‍, ഉദയ്പുരിനും ജോധ്പുരിനും ഇടയിലാണ് ബേര ഗ്രാമം. കള്ളിച്ചെടികളും മറ്റും നിറഞ്ഞ്, താരതമ്യേന മരുഭൂമിയുടെ ഭാവം കൂടുതലുള്ള പ്രദേശം. ചോളവും കടുകും വിളയുന്ന വയലുകളും ഓല മേഞ്ഞ കുടിലുകളും വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ഗ്രാമവാസികളുമെല്ലാം ഏതോ നാടോടിക്കഥയെ ഓര്‍മിപ്പിക്കും. എന്നാല്‍, മനുഷ്യര്‍ക്കൊപ്പം പുള്ളിപ്പുലികളും വസിക്കുന്ന ഗ്രാമമാണിത് എന്നതാണ് ബേരയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിനു തന്നെ അദ്ഭുതമാണ് ഇവിടുത്തെ ആളുകളുടെ ജീവിതം.
മനുഷ്യര്‍ക്കൊപ്പം പുള്ളിപ്പുലികളും
ആയിരം വർഷങ്ങൾക്കു മുമ്പ് ഇറാനിൽനിന്ന് അഫ്ഗാനിസ്ഥാനിലൂടെ രാജസ്ഥാനിലേക്ക് കുടിയേറി, ഇവിടെ സ്ഥിരതാമസമാക്കിയ ‘റബാരി’ എന്ന നാടോടി ഇടയ സമുദായത്തിൽ പെട്ടവരാണ് ബേര ഗ്രാമത്തില്‍ വസിക്കുന്നത്. ശിവപാർവതിമാരുടെ തീവ്ര ഭക്തരാണ് റബാരികൾ. പുള്ളിപ്പുലിയുടെ തോലാണല്ലോ ശിവന്‍റെ വസ്ത്രം. പാർവതിയും ശിവനും ചേർന്നാണ് തങ്ങളെ സൃഷ്ടിച്ചതെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഭൂമിയില്‍, പാര്‍വതീദേവിയുടെ ഒട്ടകങ്ങളെ മെരുക്കാനും പരിപാലിക്കാനുമാണ് തങ്ങള്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ് ഇവര്‍ക്കിടയിലുള്ള ഐതിഹ്യം.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടെ മനുഷ്യര്‍ക്കൊപ്പം പുള്ളിപ്പുലികളും വസിക്കുന്നു. ഏറ്റവും കൂടുതൽ പുള്ളിപ്പുലികള്‍ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ബേര.യാത്രയ്ക്കിടെ ഒരു പുള്ളിപ്പുലിയെയെങ്കിലും കണ്ടില്ലെങ്കില്‍ മുഴുവന്‍ കാശും മടക്കി നല്‍കും എന്ന പരസ്യവാചകത്തോടെയാണ് ഇവിടുത്തെ സഫാരി ടൂർ ഓപ്പറേറ്റർമാർ യാത്രക്കാര്‍ക്ക് വിവിധ പാക്കേജുകള്‍ നല്‍കുന്നത്!
അത്രയും ആത്മവിശ്വാസത്തോടെ പറയണമെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ, നമ്മുടെ നാട്ടില്‍ കാക്കകളെ കാണുന്നതു പോലെയാണ് അവര്‍ക്ക് പുള്ളിപ്പുലികള്‍!
ചില സമയങ്ങളിൽ, ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ പുള്ളിപ്പുലികൾ സ്വതന്ത്രമായി വിഹരിക്കുന്നത് കണ്ട് വിനോദസഞ്ചാരികൾ ഭയപ്പെടാറുണ്ട്. എന്നാൽ ഏതാനും കന്നുകാലികളെയൊഴികെ ഒരു മനുഷ്യനെപ്പോലും ഇന്നുവരെ ഇവ ഉപദ്രവിച്ചിട്ടില്ല എന്ന് ഗ്രാമവാസികള്‍ പറയുന്നു. പുള്ളിപ്പുലികളെ തങ്ങളുടെ കാവൽ മാലാഖമാരായാണ് അവര്‍ കരുതുന്നത്. തങ്ങളുടെ കന്നുകാലികളെ കൊന്നാല്‍പ്പോലും അവര്‍ പുള്ളിപ്പുലികള്‍ക്കെതിരെ തിരിയാറില്ല. കൊല്ലപ്പെടുന്ന കന്നുകാലികളെ ശിവനുള്ള വഴിപാടായി കണക്കാക്കുമെന്നും ശിവൻ തങ്ങളുടെ കന്നുകാലികളെ പലമടങ്ങ് വർദ്ധിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.
ഇന്ത്യയിൽ ഏകദേശം 14,000 പുള്ളിപ്പുലികളുണ്ട് എന്നു കണക്കുകള്‍ പറയുന്നു.ഇതിൽ 87 ശതമാനവും ബേരയിലാണെന്നാണ് കണക്കുകൾ.ശാന്തമായ കരിങ്കൽ കുന്നുകളും വിശാലമായ വയലുകളും തണുത്ത ഗുഹകളുമെല്ലാം പുള്ളിപ്പുലികൾക്ക് അവരുടെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്താന്‍ സുഖപ്രദമായ ആവാസ വ്യവസ്ഥ നൽകുന്നു. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ മൂലം മനുഷ്യനും മൃഗങ്ങളും നിലനില്‍പ്പിനായി പരസ്പരം പൊരുതുന്ന ഇക്കാലത്ത്, സഹജീവികൾ തമ്മിലുള്ള സഹിഷ്ണുതയെയും ബഹുമാനത്തെയും കുറിച്ച് ബേര ശക്തമായ സന്ദേശമാണ് നൽകുന്നത്.
പുള്ളിപ്പുലികള്‍ മാത്രമല്ല, പെലിക്കൻ, റോബിൻ ആക്‌സെന്ററുകൾ, ഡെമോസെൽ ക്രെയിനുകൾ, ഇന്ത്യൻ പാർട്രിഡ്ജുകൾ എന്നിവയുൾപ്പെടെ 200 ലധികം ഇനം പക്ഷികളും ഇവിടെയുണ്ട്. ജോധ്പുരിലെ മുൻ മഹാരാജാവ് ഉമൈദ് സിങ് നിർമിച്ച ജവായ് ഡാമിൽ 15 അടിയോളം വലുപ്പമുള്ള മുതലകൾ പൊങ്ങിക്കിടക്കുന്നത് കാണാം. ഭൂപ്രകൃതിയും പുള്ളിപ്പുലികളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനായി 2003 ൽ സർക്കാർ ജവായ് ഡാമിനെ പുള്ളിപ്പുലി സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: